പശു സ്വര്‍ണ മാല വിഴുങ്ങി, സര്‍ജറിയിലൂടെ പുറത്തെടുത്തപ്പോള്‍ ഭാരം കുറവ്
|18 ഗ്രാം മാത്രമാണ് പുറത്തെടുത്ത മാലയുടെ ഭാരം
കര്‍ണാടകയില്‍ പൂജക്കിടെ പശു സ്വര്‍ണ മാല വിഴുങ്ങി. 20 ഗ്രാം തൂക്കം വരുന്ന മാലയാണ് പശു വിഴുങ്ങിയത്. ഉത്തര കര്‍ണാടകയിലെ സിര്‍സി താലൂക്കിലെ ഹീപ്പനഹള്ളിയിലാണ് പശു അബദ്ധത്തില്‍ സ്വര്‍ണം വിഴുങ്ങിയത്. നാലുവയസുള്ള പശുവിനും കിടാവിനുമായി നടത്തിയ പൂജക്കിടയിലാണ് മാല വിഴുങ്ങിയത്. പൂജക്കായി പശുക്കളെ കുളിപ്പിച്ച് ഒരുക്കി നിര്‍ത്തവെ ശ്രീകാന്ത് ഹെഗ്ഡെയുടെ കുടുംബത്തിന്‍റെ കൈവശമുണ്ടായിരുന്ന മാല അകത്താക്കുകയായിരുന്നു.
സ്വര്‍ണമാല നഷ്ടമായത് തിരിച്ചറിഞ്ഞ വീട്ടുകാര്‍ പിന്നീട് ഒരു മാസത്തോളം പശുവിന്‍റെ ചാണകം പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് തൊട്ടടുത്തുള്ള വെറ്റിനറി ഡോക്ടറുടെ സഹായം തേടിയത്. മെറ്റല്‍ ഡിറ്റക്ടറിലൂടെ പശുവിനെ പരിശോധിച്ച ഡോക്ടര്‍ സ്വര്‍ണമാലയുടെ സാന്നിധ്യം തിരിച്ചറിയുകയും സര്‍ജറി ചെയ്ത് മാല പുറത്തെടുക്കുകയുമായിരുന്നു. വയറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മാല കിടന്നിരുന്നത്. ഇതാണ് ചാണകത്തിലൂടെ മാല പുറത്തുവരാതിരുന്നത്.
അതെ സമയം തിരിച്ചെടുത്ത മാലയില്‍ രണ്ട് ഗ്രാമിന്‍റെ കുറവ് കണ്ടെത്തി. 18 ഗ്രാം മാത്രമാണ് പുറത്തെടുത്ത മാലയുടെ ഭാരം. ബാക്കിയുള്ള ഭാഗത്തിനായുള്ള അന്വേഷണത്തിലാണ് കുടുംബം.