മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിൽ അന്വേഷണം ഇഴയുന്നു; പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്
|കേസിലെ ഒൻപത് പ്രതികളിൽ ഒരാൾ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്
ഡൽഹി: പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിൽ 10 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പൊലീസ്. കേസിലെ ഒൻപത് പ്രതികളിൽ ഒരാൾ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. ബാക്കിയുള്ളവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു .
കൊല്ലപ്പെട്ട ജുനൈദിന്റെയും നാസിറിന്റെയും കുടുംബങ്ങൾക്ക് നീതി ആവശ്യപ്പെട്ട് ഹരിയാനയിലെ നൂഹിൽ വെള്ളിയാഴ്ച വൻ റാലി സംഘടിപ്പിച്ചിരുന്നു .ഇതേ തുടർന്ന് ജില്ലയിലെ ഇന്റർനെറ്റ് സേവനം താത്ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.പ്രതികളെ പിടികൂടുന്നതുവരെ സമരം തുടരാനാണ് കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ ബന്ധുക്കളുടെ തീരുമാനം.
അതേസമയം, കൊലക്ക് പിന്നിൽ മോനു മനേസിറെന്ന് കുടുംബം ആരോപിച്ചിരുന്നു. കേസിൽ കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും മോനു മനേസിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്യും വരെ സമരം ചെയ്യുമെന്നും കുടുംബം പറഞ്ഞു. മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകണമെന്നും ഇരുവരെയും തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു.
യുവാക്കളുടെ ബന്ധുക്കൾക്ക് അഖിലേന്ത്യാ കിസാൻ സഭ ധനസഹായം നൽകി. ഒരു ലക്ഷം രൂപ വീതമാണ് കൊല്ലപ്പെട്ട ജുനൈദിന്റെയും നസിറിന്റെയും കുടുംബത്തിന് നൽകിയത്. കുടുംബത്തിന് ആവശ്യമായ നിയമ സഹായം നൽകുമെന്നും കിസാൻ സഭ പ്രതിനിധി സംഘം പറഞ്ഞു.പശുക്കടത്തിന്റെ പേരിൽ മുസ്ലിം യുവാക്കളെ ആക്രമിക്കുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്യുന്നത് വർധിച്ചുവരികയാണെന്ന് പറഞ്ഞ കിസാൻ സഭാ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ക്രൂരമായ കൊലപാതകം നടന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനത്തിലാണെന്ന് വിമർശിച്ചു.
കേസിൽ മുഖ്യപ്രതിയെ പ്രതിപട്ടികയിൽ നിന്ന് രാജസ്ഥാൻ പൊലീസ് ഒഴിവാക്കിയിരുന്നു. ബജ്റംഗൾ നേതാവ് മോനു മനേസറിനെയാണ് പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പൊലീസ് റിമാൻഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അനിൽ സ്വദേശി, ശ്രീകാന്ത്, കാലു, കിഷോർ, അനിൽ സ്വദേശിയായ ഭിവാനി, ശശികാന്ത്, വികാസ്, മോനു സ്വദേശി പലുവാസ്, ഭിവാനി എന്നിവരെയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.