പശുക്കടത്ത് ആരോപിച്ച് അരുംകൊല; യുവാക്കളെ തട്ടിക്കൊണ്ടുപോയ ഡ്രൈവർ പിടിയിൽ
|ബജ്രങ് ദൾ ആണ് സംഭവത്തിനു പിറകിലെന്നാണ് പുറത്തുവരുന്ന വിവരം
ഡൽഹി: ഹരിയാനയിൽ രാജസ്ഥാൻ സ്വദേശികളായ രണ്ട് മുസ്ലിം യുവാക്കളെ പശുക്കടത്ത് ആരോപിച്ച് ചുട്ടുകൊന്ന കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടാക്സി ഡ്രൈവറായ റിങ്കു സൈനിയെയാണ് പൊലീസ് പിടികൂടിയത്. യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ റിങ്കു സൈനിയും ഉണ്ടായിരുന്നുവെന്ന് നേരത്തെ യുവാക്കളുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
പൊലീസിന് നൽകിയ പരാതിയിൽ അഞ്ച് പേരുകളാണ് യുവാക്കളുടെ കുടുംബം സൂചിപ്പിച്ചിട്ടുള്ളത്. അനിൽ, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിൻഹ, മോനു മനേസർ എന്ന മോഹിത് ജാദവ് എന്നിവരുടെ പേരുകളാണ് കുടുംബം പൊലീസിന് നൽകിയിട്ടുള്ളത്. ഗോ സംരക്ഷകർ എന്നവകാശപ്പെടുന്നവരാണ് അഞ്ചു പേരും.
റിങ്കുവിന്റെ അറസ്റ്റ് രാജസ്ഥാൻ പൊലീസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ രാജസ്ഥാൻ പൊലീസ് രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളിലൊരാൾ പിടിയിലായിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
നിലവിൽ പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ തന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഹരിയാനയിലെ ഭിവാനിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നസീർ(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് ബൊലേറോയ്ക്കകത്ത് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വാഹനവും പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ബജ്രങ് ദൾ ആണ് സംഭവത്തിനു പിറകിലെന്നാണ് പുറത്തുവരുന്ന വിവരം.
രാജസ്ഥാനിലെ ഗോപാൽഗഢ് സ്വദേശികളാണ് നസീറും ജുനൈദും. ഇരുവരെയും കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പശുക്കടത്ത് ആരോപിച്ചാണ് ഇവരെ ബജ്രങ് ദൾ നേതാക്കൾ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു.
ഇവരെ ഭിവാനിയിൽ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഗോപാൽഗഢ് എസ്.എച്ച്.ഒ ആണ് കേസ് അന്വേഷിക്കുന്നത്.