ഗോരക്ഷാ ഗുണ്ടയായ ബജ്‌റംഗ്ദൾ നേതാവ് ബിട്ടു ബജ്‌റംഗിയുടെ സഹോദരൻ തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചു
|പൊലീസ് പ്രതികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ താൻ കൈകാര്യം ചെയ്യുമെന്നായിരുന്നു ബജ്‌റംഗിയുടെ ഭീഷണി.
ന്യൂഡൽഹി: ഹരിയാന നൂഹിലെ കലാപക്കേസ് പ്രതിയും ബജ്രംഗ്ദൾ നേതാവും ഗോരക്ഷാ ഗുണ്ടയുമായ ബിട്ടു ബജ്‌റംഗിയുടെ സഹോദരൻ മരിച്ചു. തീപ്പൊള്ളലേറ്റ് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മഹേഷ് പഞ്ചൽ ആണ് മരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 14ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പഞ്ചലിന്റെ നില പിന്നീട് വഷളാവുകയായിരുന്നു.
ഫരീദാബാദിൽ വച്ച് ഒരു സംഘം ആളുകൾ തന്റെ ദേഹത്ത് ഒരു ദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പഞ്ചൽ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഹരിയാനയിലെ നൂഹിൽ നടന്ന അക്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്നായിരുന്നു ഗോരക്ഷക് ബജ്രംഗ് സേനയുടെ തലവനായ ബിട്ടു ബജ്രംഗിയുടെ വാദം.
പ്രതികളുടെ പേരുകൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. പൊലീസ് പ്രതികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ താൻ കൈകാര്യം ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. എന്നാൽ, കേസ് അന്വേഷിച്ച എ.സി.പി അമൻ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, പഞ്ചലിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചില്ലെന്ന് അറിയിച്ചിരുന്നു.
ജൂലൈയിൽ നൂഹിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ- ആക്രമണ കുറ്റങ്ങൾക്ക് ബിട്ടു ബജ്‌റംഗിയെ ആഗസ്റ്റ് 15ന് അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗിയും സഹായി മോനു മനേസറും നൂഹിൽ വർഗീയ സംഘർഷം ആളിക്കത്തിക്കാൻ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ടുവെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ആഗസ്റ്റ് 30ന് ഇയാൾക്ക് ജാമ്യം ലഭിച്ചു.
ഹരിയാനയിലെ നൂഹിൽ ജൂലൈ 31ന് ഉണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ബജ്‌റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തതിരുന്നു.
ബജ്‌റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് ബിട്ടു ബജ്‌റംഗി പ്രകോപനപരമായ വീഡിയോകൾ നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സ്വയം പ്രഖ്യാപിത പശുസംരക്ഷകനായ മോനു മനേസറിന്റെ അനുയായിയാണ് ബിട്ടു ബജ്‌റംഗി. ബജ്‌റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് മുസ്‌ലിം സമുദായത്തിനെതിരെ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ട് വർഗീയ സംഘർഷത്തിന് ബിട്ടു ബജ്‌റംഗി പ്രേരിപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.