ബലിപെരുന്നാളിന് പിന്നാലെ മുസ്ലിം വീട്ടിലേക്ക് അതിക്രമിച്ച് കയറി ഹിന്ദുത്വവാദികൾ; മാംസം എടുത്ത് കൊണ്ടുപോയി
|ജയ് ശ്രീറാം വിളിച്ചാണ് ഗോരക്ഷാ ഗുണ്ടകൾ മുസ്ലിം വീടിനുള്ളിലേക്ക് കയറിയത്.
ഭുബനേശ്വർ: ബലിപെരുന്നാളിന് പിന്നാലെ മുസ്ലിം വീട്ടിലേക്ക് അതിക്രമിച്ച് കയറി ഗോരക്ഷാ ഗുണ്ടകളായ ഹിന്ദുത്വവാദികൾ. തുടർന്ന് ഫ്രിഡ്ജിലുണ്ടായിരുന്ന മാംസം എടുത്ത് കൊണ്ടുപോയി. ബീഫാണെന്ന് ആരോപിച്ചായിരുന്നു മാംസം എടുത്ത് കൊണ്ടുപോയത്. ഒഡീഷയിലെ ഖോർദ നഗരത്തിലാണ് സംഭവം.
ജയ് ശ്രീറാം വിളിച്ചാണ് ഗോരക്ഷാ ഗുണ്ടകൾ മുസ്ലിം വീടിനുള്ളിലേക്ക് കയറിയത്. തുടർന്ന് അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന മാംസം എടുത്ത് കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവർ മടങ്ങിയത്.
ബലിപെരുന്നാൾ ദിനത്തിൽ മുസ്ലിംകൾ ബലിനൽകുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടന രംഗത്തുവന്നതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പിന്നീട് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ്, ഇന്റർനെറ്റ് സേവനങ്ങൾ തടയുകയും ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
ഒഡീഷയിലെ ബാലസോറിലും ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായിരുന്നു. ബലിപെരുന്നാളിന് പത്രപാദയിൽ പശുവിനെ അറുത്തുവെന്ന് ആരോപിച്ചായിരുന്നു സംഘർഷം. തുടർന്ന് ഗോരക്ഷാ ഗുണ്ടകൾ നടത്തിയ കല്ലേറിൽ 20 പേർക്ക് പരിക്കേറ്റിരുന്നു. ഗോലാപോഖാരി, മോട്ടിഗഞ്ച്, സിനിമാ ഛക് തുടങ്ങിയ സമീപപ്രദേശങ്ങളിലും സംഘർഷം റിപ്പോർട്ട് ചെയ്തു.
സംഘർഷം വ്യാപകമായതോടെ, ബാലസോർ കലക്ടർ ആശിഷ് താക്കറെയുമായി സംസാരിച്ച ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എഡിജിപി (ലോ ആൻഡ് ഓർഡർ) സഞ്ജയ് കുമാർ നഗരത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ബാലസോറിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. ഇതുവരെ 30ലേറെ പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.