India
Cow vigilantes tracked Junaid, Nasir a week before their murder Says Police
India

ജുനൈദ്, നസീർ ഇരട്ടക്കൊലയിൽ വൻ ആസൂത്രണം, ​ഗൂഡാലോചന; മോനു മനേസറും സംഘവും ഒരാഴ്ച മുമ്പേ വിവരങ്ങൾ ശേഖരിച്ച് പങ്കുവച്ചതായി പൊലീസ്

Web Desk
|
14 Sep 2023 4:53 PM GMT

നസീറിന്റെയും ജുനൈദിന്റെയും വാഹന രജിസ്‌ട്രേഷൻ വിവരങ്ങളും ഫോൺ നമ്പരുകളും ബജ്രം​ഗ്ദൾ പ്രവർത്തകർ തങ്ങളുടെ സംഘത്തിനിടയിൽ ഒരാഴ്ചയോളം പ്രചരിപ്പിച്ചിരുന്നു.

ജയ്പൂർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പശുരക്ഷാ ​ഗുണ്ടകൾ രണ്ട് മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്നതിൽ വൻ ആസൂത്രണം നടന്നിരുന്നതായി പൊലീസ്. നസീറിനെയും ജുനൈദിനേയും കൊല്ലുന്നതിന് ഒരാഴ്ച മുമ്പേ ഇരുവരുടേയും വ്യക്തി​ഗത വിവരങ്ങളും വാഹന വിവരങ്ങളും ശേഖരിക്കുകയും ഇത് പശുരക്ഷാ ​ഗുണ്ടകൾക്കിടയിൽ പങ്കുവയ്ക്കുകയും പിടികൂടുന്നതിനെ കുറിച്ച് ​ഗൂഢാലോചന നടത്തുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.

ഹരിയാന നൂഹിലെ സംഘർഷത്തിന് ചുക്കാൻ പിടിച്ച പശു​രക്ഷാ ​ഗുണ്ടാത്തലവനും ബജ്രംഗ്ദൾ നേതാവുമായ മോനു മനേസറും സംഘവുമാണ് ഫെബ്രുവരി 16ന്‌ രാജസ്ഥാനിലെ ഭരത്‌പുർ സ്വദേശികളായ ജുനൈദിനെയും നസീറിനേയും വാഹനത്തിലിട്ട് ചുട്ടുകൊന്നത്. രണ്ട് സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിലായിരുന്ന മോനു മനേസറിനെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. മോനു മനേസർ എന്ന മോഹിത് യാദവ് അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സെപ്തംബർ 12നാണ് ഹരിയാന പൊലീസ് ഇയാളെ പിടികൂടിയത്.

നസീർ ഹുസൈന്റെയും ജുനൈദ് ഖാന്റെയും വാഹന രജിസ്‌ട്രേഷൻ വിവരങ്ങളും ഫോൺ നമ്പരുകളും ബജ്രം​ഗ്ദൾ പ്രവർത്തകർ തങ്ങളുടെ സംഘത്തിനിടയിൽ ഒരാഴ്ചയോളം പ്രചരിപ്പിച്ചിരുന്നു. മോനു മനേസറിനെ രണ്ട് ദിവസം ചോദ്യം ചെയ്തതിൽ നിന്ന്, മറ്റൊരു പ്രതിയായ റിങ്കു സൈനിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായും രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നസീറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പും ശേഷവും ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു.

പശുക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് മോനു മനേസറിന്റെ നേതൃത്വത്തിലുള്ള സ്വയംപ്രഖ്യാപിത ഗോസംരക്ഷക പ്രവർത്തകർ ഇരകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 2023 മേയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ രാജസ്ഥാൻ- ഹരിയാന അതിർത്തിയിലെ പീരുകയിൽ ഇരകളെ തടയാൻ പ്രതികൾ രണ്ട് ഗ്രൂപ്പുകൾ രൂപീകരിച്ച് നിലയുറപ്പിച്ചിരുന്നതായും യുവാക്കളുടെ വഴിയെക്കുറിച്ച് പ്രതികൾക്ക് മുൻകൂട്ടി അറിയാമായിരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

നസീറിന്റെയും ജുനൈദിന്റേയും വാഹനത്തിൽ പശുക്കളെ കാണാതായപ്പോൾ, കാലി കള്ളക്കടത്തിനെ കുറിച്ച് ചോദിച്ച് മർദിക്കുകയും തുടർന്ന് കാറിലിട്ട് തന്നെ ജീവനോടെ ചുട്ടുകൊല്ലുകയുമായിരുന്നു. പ്രതികളായ മോനു മനേസർ, മോനു റാണ, റിങ്കു സൈനി, ഗോഗി എന്നിവർ നിലവിൽ കസ്റ്റഡിയിലുണ്ടെന്നും മറ്റ് 26 പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

സ്വയംപ്രഖ്യാപിത പശുരക്ഷാ ഗ്രൂപ്പിന്റെ നേതാവും വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്‌പി) യുവജനവിഭാഗമായ ബജ്രം​ഗ്ദൾ അംഗവുമായ മനേസറിനെ സെപ്തംബർ 12നാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരട്ടക്കൊലക്കേസിൽ രാജസ്ഥാൻ പൊലീസിന് കൈമാറുകയായിരുന്നു. നൂഹിലെ ഹിന്ദുത്വ റാലിയിൽ പങ്കെടുക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇയാൾ അറിയിച്ചിരുന്നു. മറ്റ് ഹിന്ദുക്കളോടും അതിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.

നിരവധി ക്രിമിനല്‍ കേസുകളാണ് മോനു മനേസറിനെതിരെയുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുള്ള മോനു മനേസര്‍, പശുക്കടത്ത് ആരോപിച്ച് കന്നുകാലി വില്‍പ്പനക്കാരുടെ വാഹനം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും മർദിക്കുകയും ഇവയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.

Similar Posts