India
കോവിൻ വിവര ചോർച്ച: പ്രധാന പ്രതി ബി.ടെക് വിദ്യാർഥി; ഫോളോവേഴ്‌സിനെ കൂട്ടാനെന്ന് പൊലീസ്
India

കോവിൻ വിവര ചോർച്ച: പ്രധാന പ്രതി ബി.ടെക് വിദ്യാർഥി; ഫോളോവേഴ്‌സിനെ കൂട്ടാനെന്ന് പൊലീസ്

Web Desk
|
23 Jun 2023 6:14 AM GMT

നഴ്‌സായ അമ്മയുടെ ലോഗിൻ ഐഡിയും യോഗ്യതാപത്രങ്ങളും ഉപയോഗിച്ചാണ് ഇരുവരും കോവിൻ പോർട്ടലിലെ വിവരങ്ങൾ ചോർത്തിയത്

ന്യൂഡൽഹി: കോവിൻ വിവര ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ബിടെക് വിദ്യാർഥിയാണ് പ്രധാന പ്രതിയെന്ന് പൊലീസ്. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരും. ഇവർ ആർക്കും ഡാറ്റ വിൽപന നടത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. 22 കാരന് ബിഹാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ബിടെക് പൂർത്തിയാക്കിയത്. 17 കാരനായ സഹോദരനെയും ഇയാളെയും വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഡൽഹിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. വിവര ചോർച്ചയുമായി ബന്ധപ്പെട്ട് സഹോദരങ്ങളെ ഡൽഹി പൊലീസും മറ്റ് ഏജൻസികളും ചോദ്യം ചെയ്തുവരികയാണ്.

ഇരുവരും കോവിൻ പോർട്ടലിലെ വിവരങ്ങൾ ചോർത്തുകയും ഏതാനും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ടെലിഗ്രാമിൽ അപ്ലോഡ് ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൂടുതൽ ഫോളോവേഴ്‌സിനെ ലഭിക്കാൻ വേണ്ടിയാണ് സഹോദരങ്ങള്‍ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ വിവരങ്ങൾ ഇവർ ആർക്കും വിൽപന നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

നഴ്‌സായ അമ്മയുടെ ലോഗിൻ ഐഡിയും യോഗ്യതാപത്രങ്ങളും ഉപയോഗിച്ചാണ് ഇരുവരും കോവിൻ പോർട്ടലിലെ വിവരങ്ങൾ ചോർത്തിയത്. ഇക്കാര്യം ഇവരുടെ അമ്മ അറിഞ്ഞിരുന്നില്ല.എന്നാൽ കേസിൽ അമ്മയെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കോവിൻ വാക്‌സിൻ സ്വീകരിച്ചവരുടെ ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട് നമ്പറുകൾ, ഫോൺ നമ്പറുകൾ എന്നിവയും ചോർന്നിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഏഷ്യ ഇൻഡക്സ് ട്വീറ്റ് ചെയ്തു. അതേസമയം, കോവിൻ പോർട്ടലിനെ വിവരങ്ങൾ ചോർന്നെന്ന വാർത്ത തെറ്റാണെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ വാദം. മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേർ പറഞ്ഞിരുന്നു. എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്.

Similar Posts