തെരുവിലെ പശുക്കളെ ഇനി 'അലഞ്ഞുതിരിയുന്നവർ' എന്ന് വിളിക്കരുത്; പുതിയ പേരുമായി രാജസ്ഥാൻ മന്ത്രി
|'നമ്മൾ അമ്മയായി കരുതുന്ന പശുവിനെയും ശിവൻ്റെ വാഹനമായ കാളയേയും വഴിതെറ്റിയവർ എന്ന് വിളിക്കാനാവില്ല'- മന്ത്രി പറഞ്ഞു.
ജയ്പ്പൂർ: തെരുവിലൂടെ നടക്കുന്ന പശുക്കളടക്കമുള്ള കന്നുകാലികളെ വിശേഷിപ്പിക്കാൻ ഇനി 'അലഞ്ഞുതിരിയുന്ന' എന്ന വാക്ക് ഉപയോഗിക്കരുതെന്ന് രാജസ്ഥാൻ മന്ത്രി. മൃഗസംരക്ഷണ- ക്ഷീര വകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ ജോരാറാം കുമാവത് ആണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയത്. ഇനി മുതൽ സംസ്ഥാനത്ത് അലഞ്ഞുതിരിയുന്ന പശുക്കളെ 'അഗതികൾ' എന്ന് വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
''നമ്മൾ അമ്മയായി കരുതുന്ന പശുവിനെയും ശിവൻ്റെ വാഹനമായ കാളയേയും 'അലഞ്ഞുതിരിയുന്നവർ' എന്ന് വിളിക്കാനാവില്ല. 'അലഞ്ഞുതിരിയുന്ന' എന്ന വാക്ക് ബജറ്റിൽ അച്ചടിച്ചിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ അതിനു പകരം 'അഗതികൾ' എന്ന് എല്ലായിടത്തും എഴുതുമെന്ന് ഞാൻ ഈ സഭയിൽ പ്രഖ്യാപിക്കുന്നു''- രാജസ്ഥാൻ നിയമസഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവെ മന്ത്രി പറഞ്ഞു.
നേരത്തെ, പശുക്കൾ ലോകത്തിന്റെ മാതാവാണെന്ന് കോൺഗ്രസ് എം.എൽ.എ രാജേന്ദ്ര പരീക് പറഞ്ഞിരുന്നു. ബജറ്റ് വായിച്ചപ്പോൾ അതിൽ 'അലഞ്ഞുതിരിയുന്ന പശുക്കൾ' എന്ന് എഴുതിയിരിക്കുന്നത് കണ്ടതായും സികാർ എം.എൽ.എയായ പരീക് പറഞ്ഞു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
'എന്തുകൊണ്ടാണ് അവരെ അലഞ്ഞുതിരിയുന്നവർ എന്ന് വിളിക്കുന്നത്. അവരെന്ത് ചെയ്തു? ഏതെങ്കിലുമൊക്കെ വീടുകളിൽ ജനിച്ച അവരെ നിങ്ങൾ പിന്നീട് വാങ്ങുകയും വഴിയോരങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. കണ്ണുകളിലൂടെ മാത്രം നിങ്ങളോട് സ്വയം ആശയവിനിമയം നടത്താൻ കഴിയുന്ന ആ മിണ്ടാപ്രാണിയെ നിങ്ങൾ മോശം വാക്കുകൾ വിളിച്ചു. ദയവായി അവയെ അഗതികൾ എന്ന് വിളിക്കൂ. അവർ നിരാലംബരാണ്, വഴിതെറ്റി വന്നവരല്ല. അവരെ വഴിതെറ്റിയവർ എന്ന് വിളിക്കരുത്'- എം.എൽഎ കൂട്ടിച്ചേർത്തു.