സി.പി.ഐ പാർട്ടി കോൺഗ്രസ്; പ്രതിനിധി സമ്മേളനത്തിന് ഇന്ന് വിജയവാഡയിൽ തുടക്കം
|30 വിദേശ പ്രതിനിധികൾ അടക്കം 900 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതിഥിയാണ്
വിജയവാഡ: സി.പി.ഐയുടെ 24 -ആം പാർട്ടി കോൺഗ്രസിൻറെ പ്രതിനിധി സമ്മേളനത്തിന് ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനത്തിന് മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി പതാക ഉയർത്തും. പ്രായപരിധി ദേശീയതലത്തിൽ നടപ്പാക്കുമെങ്കിലും ചില മുതിർന്ന നേതാക്കൾക്ക് ഇളവ് കൊടുക്കുന്നതും ആലോചനയിലുണ്ട്. ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരാനാണ് സാധ്യത.
30 വിദേശ പ്രതിനിധികൾ അടക്കം 900 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പാർട്ടി കോൺഗ്രസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതിഥിയാണ്. പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിന് ശേഷം രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ റിപ്പോർട്ട്, പ്രവർത്തന റിപ്പോർട്ട് തുടങ്ങിയ അവതരിപ്പിക്കും. നാളെയും മറ്റെന്നാളും രാഷ്ട്രീയ പ്രമേയത്തിന്മേലും റിപ്പോർട്ടുകളിൻ മേലും ചർച്ച നടക്കും.
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ വിശാല ഐക്യരൂപീകരണം പാർട്ടി കോൺഗ്രസിന്റെ മുഖ്യചർച്ചാവിഷയമാകും. കൊല്ലത്ത് നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ കക്ഷികളുടെ വിശാല ഐക്യത്തിന് ആഹ്വാനം ചെയ്ത സി.പി.ഐ ഇപ്പോൾ കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞ് സംബോധന ചെയ്യുന്നില്ലെന്നത് ശ്രദ്ധേയമാണ്. വിശാല മതേതര ജനാധിപത്യ ഐക്യനിരയെന്ന് മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്.
18ന് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും. നിലവിലെ സാഹചര്യത്തിൽ ഡി രാജ തന്നെ ജനറൽ സെക്രട്ടറിയെ തുടർന്നേക്കും. പ്രായപരിധി പാർട്ടി കോൺഗ്രസ് അംഗീകരിക്കേണ്ടതിനാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ഉയർന്നു വന്നേക്കാം.