കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ പോരാട്ടം: എ.എ.പിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സി.പി.എം
|കെജ്രിവാള് സി.പി.എം ആസ്ഥാനത്തെത്തി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി
ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയ സംഭവത്തില്‍ സി.പി.എം പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാർട്ടി നടത്തുന്ന പോരാട്ടത്തിന് പൂർണ പിന്തുണ നൽകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസഭയിൽ എ.എ.പിയെ സി.പി.എം പിന്തുണയ്ക്കും. ഡൽഹിയിൽ സി.പി.എം ആസ്ഥാനത്തെത്തിയ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
ഡൽഹിയിലെ ജനങ്ങൾക്ക് നീതി ലഭിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നതെന്ന് അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു. ഡൽഹിയിലെ ജനങ്ങളുടെ അധികാരം കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണ്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന സുപ്രിംകോടതി വിധി വന്ന് 8 ദിവസത്തിനകം വിധി മറികടക്കാൻ കേന്ദ്രം ഓർഡിനൻസ് ഇറക്കി. അധികാരം കവരാൻ മാത്രമല്ല ജനങ്ങളെ അപമാനിക്കാൻ കൂടിയാണ് ഓർഡിനൻസെന്ന് കെജ്രിവാള് പ്രതികരിച്ചു.
രാജ്യത്തിന്റെ കാര്യത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണെന്ന് തെളിയിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കോടതിയിൽ നിയമ പോരാട്ടം തുടരും. കോൺഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം), എൻ.സി.പി, ജെ.ഡി.യു, ആർ.ജെ.ഡി എന്നീ പാർട്ടികളുടെയും പിന്തുണ കെജ്രിവാൾ തേടിയിട്ടുണ്ട്.