മുസ്‍ലിം ലീഗ് അധ്യക്ഷൻ ഖാദർ മൊയ്തീനെ സന്ദർശിച്ച് തമിഴ്നാട്ടിലെ സി.പി.എം സ്ഥാനാർഥികൾ
|ഷാളുകൾ അണിയിച്ച് സ്ഥാനാർഥികളെ സ്വീകരിച്ചു
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴ്നാട്ടിലെ സി.പി.എം സ്ഥാനാർഥികളായ വെങ്കിടേശനും സച്ചിദാനന്ദനും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്‌തീനെ സന്ദർശിച്ചു. ഖാഅിദേ മില്ലത്ത് മൻസിലിൽ എത്തിയാണ് സന്ദർശിച്ചത്.
ഷാളുകൾ അണിയിച്ച് സ്ഥാനാർഥികളെ സ്വീകരിച്ചു. മുൻ എം.എൽ.എ കെ.എം. അബൂബക്കറും സന്നിഹിതനായി. തമിഴ്‌നാട് കോൺഗ്രസ് പ്രസിഡൻ്റ് കെ. സെൽവപെരുന്തകൈ എം.എൽ.എയെയും സി.പി.എം സ്ഥാനാർഥികൾ സന്ദർശിച്ചു.
മതേതര പുരോഗമന സഖ്യത്തെ പ്രതിനിധീകരിച്ച് മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്. 2019ൽ മധുരയിൽ പാർട്ടി നേതാവ് എസ്. വെങ്കിടേശൻ ജയിച്ചിരുന്നു.
2019ൽ സി.പി.എം ജയിച്ച കോയമ്പത്തൂരിൽ ഇത്തവണ ഡി.എം.കെയാണ് മത്സരിക്കുന്നത്. ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസ്, കമൽഹാസന്റെ മക്കൾ നീതി മയ്യം, വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ), സി.പി.ഐ, സി.പി.എം, എം.ഡി.എം.കെ, മുസ്‍ലിം ലീഗ്, കെ.എം.ഡി.കെ എന്നീ പാർട്ടികളാണുള്ളത്. നാഗപട്ടണത്തും തിരുപ്പൂരിലും സി.പി.ഐ മത്സരിക്കും.
കമൽഹാസന്റെ പാർട്ടി ഇത്തവണ മത്സരിക്കുന്നില്ല. ഇതിനു പകരം അവർക്ക് രാജ്യസഭാ സീറ്റ് നൽകും.
സംസ്ഥാനത്ത് കോൺഗ്രസ് -ഒമ്പത്, വി.സി.കെ -രണ്ട്, എം.ഡി.എം.കെ, മുസ്‍ലിം ലീഗ്, കെ.എം.ഡി.കെ -ഒന്നു വീതം സീറ്റുകളിലും മത്സരിക്കാൻ നേരത്തെ ധാരണയായിരുന്നു. ഡി.എം.കെ 21 മണ്ഡലങ്ങളിൽ ജനവിധി തേടും. രാമനാഥപുരമാണ് മുസ്‍ലിം ലീഗിന് നൽകിയ സീറ്റ്. സിറ്റിങ് എം.പി നവാസ് കനിയാണ് ഇവിടെ സ്ഥാനാർഥി.