സിസോദിയയുടെ അറസ്റ്റ് മോദിയുടെ പദ്ധതി, അദാനിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്നും സിപിഎം
|ബിജെപി ആസ്ഥാനത്തേക്ക് ആംആദ്മി പാർട്ടി പ്രവർത്തകർ മാർച്ച് നടത്തി
ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ അപലപിച്ച് സിപിഎം. കേന്ദ്ര ഏജൻസികളെ ആയുധമാക്കി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണ് കേന്ദ്രം. സിസോദിയയുടെ അറസ്റ്റ് മോദി സർക്കാരിന്റെ പദ്ധതിയാണ്. അദാനിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്നും സിപിഎം ആരോപിച്ചു.
അതേസമയം, സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിപക്ഷത്ത് ഭിന്നത തുടരുകയാണ്. കോൺഗ്രസ് സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്തപ്പോൾ,പ്രതിഷേധവുായി തൃണമൂൽ കോൺഗ്രസും ബിആർഎസും രംഗത്തെത്തി. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പാർട്ടി.
ഇതിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്തേക്ക് ആംആദ്മി പാർട്ടി പ്രവർത്തകർ മാർച്ച് നടത്തി. പോലീസ് തടഞ്ഞതിനെ തുടർന്ന് എഎപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത് എന്ന് ആരോപിച്ചാണ് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം. അഴിമതിയിലൂടെ സിസോദിയ സമ്പാദിച്ചു എന്ന് പറയപ്പെടുന്ന പണം അസംഖ്യം പരിശോധനകൾ നടത്തിയിട്ടും അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആം ആദ്മി പാർട്ടി ചോദിക്കുന്നു.
അതേസമയം, സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധന പൂർത്തിയായി. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തു ഒരു വർഷം തികയും മുൻപാണ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് മുൻപ് മനീഷ് സിസോദിയയെ അന്വേഷണ സംഘം രണ്ട് തവണയായി 15 മണിക്കൂർ ചോദ്യം ചെയ്തു. വൈദ്യ പരിശോധന പൂർത്തിയാക്കി ഉച്ചയോടെയാകും ഡൽഹി റോസ് അവന്യൂ കോടതിയിൽ അന്വേഷണ സംഘം മനീഷ് സിസോദിയയെ ഹാജരാക്കുന്നത്.