India
സെമിനാറിൽ പങ്കെടുക്കണമെന്നുണ്ടായിരുന്നു, സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് പോകാതിരുന്നത് : ശശി തരൂർ
India

സെമിനാറിൽ പങ്കെടുക്കണമെന്നുണ്ടായിരുന്നു, സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് പോകാതിരുന്നത് : ശശി തരൂർ

Web Desk
|
9 April 2022 4:27 PM GMT

ഇത്തരം പൊതുസെമിനാറുകളിൽ താൻ പങ്കെടുക്കാറുണ്ടായിരുന്നു. കെ വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു.

ഡൽഹി: സിപിഎം പാർടി കോൺഗ്രസിന്റ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കണമെന്ന് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നു, എന്നാൽ സോണിയ ഗാന്ധിയുടെ നിർദേശമുള്ളതുകൊണ്ടാണ് പങ്കെടുക്കാതിരുന്നെന്ന് ശശി തരൂർ. ഇത്തരം പൊതുസെമിനാറുകളിൽ താൻ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും തരൂർ പറഞ്ഞു.

''പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് സോണിയാ ഗാന്ധിയോട് സംസാരിച്ചു. കെപിസിസി അധ്യക്ഷന്റെ നിലപാട് നമ്മൾ അംഗീകരിക്കണമല്ലോ. പോകാതിരിക്കുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞു. പാർട്ടി പ്രസിഡന്റ് പോകേണ്ടെന്ന് പറഞ്ഞാൽ പോകില്ലെന്ന് വ്യക്തമാക്കി. വ്യക്തിപരമായി ആഗ്രഹമുണ്ടെങ്കിലും ഒരു പാർട്ടിയുടെ അംഗമായ ഞാൻ പാർട്ടി അധ്യക്ഷയുടെ വാക്കുകളെ ബഹുമാനിക്കുന്നു. കെ.വി.തോമസ് അദ്ദേഹത്തിന്റെ തീരുമാനം എടുത്തു. അതിനെക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ'' തരൂർ പറഞ്ഞു.

ഹിന്ദി രാഷ്ട്രം,ഹിന്ദു രാഷ്ട്രമെന്ന വാദമുയർത്തി ചിലർ രാജ്യത്തെ വിഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. എല്ലാവർക്കും ഒരേ അവകാശമാണുള്ളത്. തെരഞ്ഞെടുപ്പുകൾ ജയിച്ചെങ്കിലും മുഴുവൻ ഭാരതീയരുടെയും പിന്തുണ അവർക്കില്ലെന്ന കാര്യം ഓർക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സോണിയ ഗാന്ധിക്ക് കത്തയച്ചു. കഴിഞ്ഞ ഒരുവർഷമായി സിപിഎം നേതാക്കളുമായി കെ.വി.തോമസിന് സമ്പർക്കം. പാർട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കടുത്ത നടപടി വേണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്ന് കത്തിൽ പറയുന്നു. കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.

Similar Posts