സിൽവർലൈൻ വിരുദ്ധ സമരങ്ങളെ നേരിടാൻ സിപിഎം ദേശീയതല പ്രചാരണത്തിന്
|സിൽവർലൈനിന് എതിരായ പ്രതിഷേധങ്ങൾ ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. പാർട്ടി കോൺഗ്രസിന് ശേഷം പദ്ധതിക്ക് വേണ്ടി ദേശീയതലത്തിൽ പ്രചാരണം നടത്തും.
സിൽവർലൈൻ പദ്ധതിക്കെതിരായ സമരങ്ങളെ പ്രതിരോധിക്കാൻ സിപിഎം ദേശീയതലത്തിൽ പ്രചാരണത്തിനൊരുങ്ങുന്നു. സിൽവർലൈനിന് എതിരായ പ്രതിഷേധങ്ങൾ ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. പാർട്ടി കോൺഗ്രസിന് ശേഷം പദ്ധതിക്ക് വേണ്ടി ദേശീയതലത്തിൽ പ്രചാരണം നടത്തും.
കഴിഞ്ഞ ദിവസം പാർലമെന്റിന് മുന്നിൽ യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. കെ റെയിലിനെതിരെ പാർലമെന്റിനകത്തും യുഡിഎഫ് അംഗങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിൽ പദ്ധതിക്ക് അനുകൂലമായി പ്രചാരണം നടത്താൻ സിപിഎം തീരുമാനിച്ചത്.
പദ്ധതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാ ബഹുജന സംഘടനകളേയും അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ഡിവൈഎഫ്ഐ പദ്ധതിക്ക് അനുകൂലമായ വികാരം സൃഷ്ടിക്കാൻ ഹൗസ് ക്യാമ്പയിൻ നടത്തുന്നുണ്ട്. വീടുകളിലെത്തി ആളുകളുമായി സംവദിച്ച് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.