തെലങ്കാനയിൽ സി.പി.എം ഒറ്റയ്ക്ക് മത്സരിക്കും; 17 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
|തെലങ്കാനയിൽ 24 സീറ്റുകളിലാണ് സി.പി.എം ഒറ്റയ്ക്ക് മത്സരിക്കുക
ഹൈദരാബാദ് : തെലങ്കാനയിൽ സി.പി.എം ഒറ്റയ്ക്ക് മത്സരിക്കും. തെലങ്കാന തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലാണ് സിപിഎം ഒറ്റയ്ക്ക് മത്സരിക്കുക. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ പരാജയപെട്ടത്തോടെയാണ് തീരുമാനം.
17 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സി.പി.എം പ്രഖ്യാപിച്ചു. ആകെ 24 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുക. ബാക്കി ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കും.
കോൺഗ്രസിനോട് രണ്ട് മണ്ഡലങ്ങളായിരുന്നു സി.പി.എം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത് നൽകാൻ കോൺഗ്രസ് തയാറായില്ല. പകരം ഹൈദരാബാദ് സിറ്റി ഉള്‍പ്പടെയുള്ള മണ്ഡലങ്ങള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാൽ ഇത് സി.പി.എം അംഗീകരിക്കാത്തതിനെ തുടർന്നാണ് സഖ്യ ചർച്ചകള്‍ പരാജയപ്പെട്ടത്.
തെലങ്കാനയിൽ ഇടത് പാർട്ടികളെ ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. സീറ്റുകളിൽ ധാരണയിലെത്തിയിരുന്നെങ്കിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകുമായിരുന്നു തെലങ്കാന.
തെലങ്കാനയിൽ ബി.ആര്‍.എസിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. അഭിപ്രായ സർവ്വെ കൾ കോൺഗ്രസിനാണ് മുന്നേറ്റം പ്രവചിക്കുന്നത് . സി.പി.എം.സി.പി.ഐ ഫോർവേർഡ് ബ്ലോക്ക് എന്നീ ഇടത് പാർട്ടികളുമായാണ് കോൺഗ്രസ് സീറ്റ് ധാരണ സംബന്ധിച്ച് ചർച്ച നടത്തുന്നത്.
ഇടത് പാർട്ടികൾ ആവശ്യപ്പെട്ട ചില സീറ്റുകൾ വിട്ട് കൊടുക്കാൻ കോൺഗ്രസ് തയ്യാറാകാത്തതാണ് ചർച്ചകൾ നീണ്ട് പോകാൻ കാരണം. സീറ്റ് ധാരണ സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കാനാണ് കോൺഗ്രസ് ശ്രമം . അതിനിടെ തെലങ്കാനയിൽ ബി.ജെ.പിയുമായി സീറ്റ് ധാരണയ്ക്ക് ജനസേന പാർട്ടി ശ്രമം തുടങ്ങി . പാർട്ടി നേതാവ് പവൻ കല്യാൺ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. ആന്ധ്ര പ്രദേശിൽ റ്റി.ഡി.പിയുമായി സഖ്യം പ്രഖ്യാപിച്ച ജനസേന ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.