'ബിജെപി കോർപ്പറേഷന് പൊലീസ് ഒത്താശ ചെയ്യുന്നു'; ഡൽഹിയിലെ പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധിക്കാൻ സിപിഎം
|ഷാഹിൻ ബാഗിൽ തിങ്കളാഴ്ചയാണ് സൗത്ത് ഡൽഹി കോർപ്പറേഷൻ പൊളിക്കൽ നടത്തുക. തിങ്കളാഴ്ച തന്നെ വിഷയം ചീഫ് ജസ്റ്റിസിന്റെ മുന്നിൽ ഉന്നയിച്ച് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടാനാണ് സിപിഎം തീരുമാനം
ഡൽഹി: സൗത്ത് ഡൽഹി കോർപ്പറേഷൻ നടത്തുന്ന പൊളിക്കൽ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഎം. ബുധനാഴ്ച ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് ഡൽഹി ഘടകം സിപിഎം സെക്രട്ടറി കെ.എം തിവാരി മീഡിയവണിനോട് പറഞ്ഞു. ബിജെപി കോർപ്പറേഷന് പൊലീസ് ഒത്താശ ചെയ്യുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ഷാഹിൻ ബാഗ് ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലെ ഒഴിപ്പിക്കൽ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി നൽകിയതിന് പിന്നാലെയാണ് സിപിഎം പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഷാഹിൻ ബാഗിൽ തിങ്കളാഴ്ചയാണ് സൗത്ത് ഡൽഹി കോർപ്പറേഷൻ പൊളിക്കൽ നടത്തുക. തിങ്കളാഴ്ച തന്നെ വിഷയം ചീഫ് ജസ്റ്റിസിന്റെ മുന്നിൽ ഉന്നയിച്ച് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടാനാണ് സിപിഎം തീരുമാനം.
ബുധനാഴ്ച നടത്തുന്ന ലഫ്റ്റനന്റ് ഗവർണറുടെ വസതിയിലേക്കുള്ള മാർച്ചിൽ ബൃന്ദാകാരാട്ട് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്നും സിപിഎം ഡൽഹി സംസ്ഥാന സെക്രട്ടറി പറഞ്ഞു. പൊലീസ് ബിജെപിയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് പെരുമാറുന്നതെന്നും ലഫ്റ്റനന്റ് ഗവർണറുടെ വീട്ടിലേക്ക് നാഗരിക് മാർച്ച് നടത്തുമെന്നും കെ.എം തിവാരി പറഞ്ഞു.
ബിജെപി ഡൽഹി പ്രസിഡന്റ് ആദേശ് ഗുപ്തയുടെ ആവശ്യം അനുസരിച്ചാണ് പൊളിക്കൽ നടപടികൾ നടക്കുന്നതെന്നും ഇതിന് പൊലീസ് കൂട്ട്നിൽക്കുകയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രാജേഷ് കുവാൻ ആരോപിക്കുന്നത്. ആദ്യം ചെറുകടകളും പിന്നീട് വീടുകളും പൊളിക്കുകയാണെന്നും ഇതിന് പിറകിലെ സത്യം പുറത്ത് വരണമെന്നും അതാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും സിപിഎം വ്യക്തമാക്കി.
CPM to protest against demolition in Delhi