India
narendramodi
India

മോദി ഉദ്‌ഘാടനം ചെയ്‌ത്‌ മാസങ്ങൾ മാത്രം; 18,000 കോടിയുടെ അടൽ സേതുവിൽ വിള്ളൽ വീണതായി റിപ്പോർട്ട്

Web Desk
|
21 Jun 2024 1:22 PM GMT

മഴയെ തുടർന്നുണ്ടായ ചെറിയ വിള്ളലുകൾ മാത്രമാണ് ഉണ്ടായതെന്ന് അടൽ സേതു പദ്ധതി മേധാവി കൈലാഷ് ഗണത്ര പറഞ്ഞു.

രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ 'അടൽ സേതു' വിൽ വിള്ളൽ. നവി മുംബൈയിലെ അടൽ ബിഹാരി വാജ്‌പേയി സെവ്രി-നവ സേവ അടൽ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സർവീസ് റോഡിലാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. അടൽ സേതുവും നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന താൽക്കാലിക പാതയാണ് ഈ സർവീസ് റോഡ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത്‌ അഞ്ച് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ സ്ഥലത്ത് പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് ആവർത്തിച്ച നാനാ പടോലെ പാലത്തിന്റെ നിർമാണത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ, അടൽ സേതു പദ്ധതി മേധാവി കൈലാഷ് ഗണത്ര റിപ്പോർട്ടുകൾ തള്ളി. പുതുതായി ഉദ്ഘാടനം ചെയ്ത അടൽ സേതുവിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും നഗരവുമായി ബന്ധിപ്പിക്കുന്ന സർവീസ് റോഡിലാണ് വിള്ളലുകൾ ഉണ്ടായതെന്നുമാണ് കൈലാഷ് ഗണത്ര പറയുന്നത്. തീരദേശപാതയില്ലാത്തതിനാൽ അവസാനനിമിഷം താത്കാലികമായി ബന്ധിപ്പിക്കുന്ന പാതയായാണ് സർവീസ് റോഡ് നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഴയെ തുടർന്നുണ്ടായ ചെറിയ വിള്ളലുകൾ മാത്രമാണെന്നും നാളെ വൈകുന്നേരത്തോടെ ഇവ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ നഗരത്തെയും നവി മുംബൈയെയും നേരിട്ടു ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍വരുന്ന കടല്‍പ്പാലം ജനുവരി 13-നാണ് ഗതാഗതത്തിനായി തുറന്നത്. 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകെ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോര്‍ഡും അടല്‍ സേതു സ്വന്തമാക്കിയിട്ടുണ്ട്.

Similar Posts