രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; സച്ചിൻ പൈലറ്റ് പാർട്ടി വിട്ടേക്കും
|പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11 ന് പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നും സൂചന
ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിൽ ഏറെ കാലമായി തുടരുന്ന പ്രതിസന്ധികൾ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി അശോക് ഘെഹ്ലോട്ടിനെതിരെ കലാപക്കൊടി ഉയർത്തിയ സച്ചിൻ പാർട്ടി വിടുമെന്നതാണ് പുതിയ റിപ്പോർട്ട്. പുതിയപാർട്ടി രൂപീകരിക്കാനാണ് സച്ചിന്റെ തീരുമാനം. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11 ന് പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
കർണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം അവസാനിച്ചാലുടൻ രാജസ്ഥാൻ വിഷയത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് ഇടപെടുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. രാജസ്ഥാൻ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ച സച്ചിൻ പൈലറ്റിൻ്റെ നടപടിയിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വിമർശനം ഉണ്ട്. സച്ചിന് എതിരെ നടപടി വേണമെന്ന് കോൺഗ്രസിൻ്റെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാൽ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ സച്ചിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.