തെലങ്കാന കോൺഗ്രസിൽ കൂട്ടരാജി; പി.സി.സിയിൽ നിന്ന് 12 നേതാക്കൾ രാജിവച്ചു
|കോൺഗ്രസ് എം.എൽ.എ ദനസാരി അനസൂയ , മുൻ എം.എൽ.എ വെം നരേന്ദ്ര റെഡ്ഡി അടക്കമുള്ളവരാണ് രാജി വച്ചത്
ഹൈദരാബാദ്: തെലങ്കാന കോൺഗ്രസിൽ കൂട്ടരാജി. പി.സി.സിയിൽ നിന്ന് 12 നേതാക്കൾ രാജിവച്ചു. കോൺഗ്രസ് എം.എൽ.എ ദനസാരി അനസൂയ , മുൻ എം.എൽ.എ വെം നരേന്ദ്ര റെഡ്ഡി അടക്കമുള്ളവരാണ് രാജി വച്ചത്.
അടുത്തിടെ ടി.ഡി.പിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന നേതാക്കൾക്ക് ഉന്നത പദവികൾ നൽകിയതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. കെ.സി.ആറിന്റെ ഏകാധിപത്യ ഭരണത്തെ പ്രതിരോധിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്നും നേതാക്കൾ വിമർശിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന മുനുഗോട് നിയമസഭ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ എ.രേവന്ത് റെഡ്ഡിക്കെതിരെ നേതാക്കൾ രംഗത്തെത്തിയിരുന്നു.
കെസിആറിനെ താഴെയിറക്കാൻ ശക്തമായ പോരാട്ടം ആവശ്യമാണെന്ന് രാജിക്കത്തില്‍ പറയുന്നു. തെലങ്കാന എം.എൽ.എ സീതക്കയും രാജിവച്ച അംഗങ്ങളിൽ ഉൾപ്പെടുന്നു. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയിൽ നിന്ന് അടുത്തിടെ പാർട്ടിയിൽ ചേർന്ന നേതാക്കളാണ് പുതിയ പി.സി.സി അംഗങ്ങളിൽ 50 ശതമാനത്തിലേറെയെന്ന് ലോക്സഭാ എം.പി ഉത്തം കുമാർ റെഡ്ഡി ആരോപിച്ചതായും കത്തിൽ പറയുന്നു. കഴിഞ്ഞ ആറ് വർഷമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച നേതാക്കളെ ഇത് നിരാശരാക്കിയെന്നും കത്തിൽ അവകാശപ്പെട്ടു.സോണിയ ഗാന്ധിയോടുള്ള ബഹുമാനമാണ് കോൺഗ്രസിൽ ചേരാൻ കാരണമെന്ന് ഈ നേതാക്കൾ കത്തിൽ പറയുന്നു.