‘പ്രധാനമന്ത്രിയുടെ കസേര സംരക്ഷിക്കാനുള്ള ബജറ്റ്’; കേന്ദ്ര സർക്കാർ അനീതിക്കെതിരെ വിമർശനം
|ബിഹാറിനും ആന്ധ്ര പ്രദേശിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി നെറ്റിസൺസും പ്രതിപക്ഷ കക്ഷികളും. ഇത് ഇന്ത്യൻ ബജറ്റല്ലെന്നും ബിഹാർ - ആന്ധ്ര പ്രദേശ് സ്പെഷൽ ബജറ്റാണെന്നും പലരും പരിഹസിച്ചു.
മൂന്നാം മോദി സർക്കാറിലെ പ്രധാന കക്ഷികളാണ് ബിഹാറിലെ ജെ.ഡി.യുവും ആന്ധ്ര പ്രദേശിലെ ടി.ഡി.പിയും. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ഇരു പാർട്ടികളുടെയും പിന്തുണയോടെയാണ് നരേന്ദ്ര മോദി അധികാരത്തിലേറിയത്. അതിനാൽ തന്നെ ഇരു പാർട്ടികളും ഭരിക്കുന്ന ബിഹാറിനും ആന്ധ്ര പ്രദേശിനും കേന്ദ്ര സർക്കാർ വാരിക്കോരി പദ്ധതികൾ പ്രഖ്യാപിക്കുകയായിരുന്നു.
‘ബിഹാറിലെ പാലങ്ങൾ ഈ പ്രഖ്യാപനത്തെ മുൻകൂട്ടി കണ്ടിരുന്നു. ബജറ്റിൽ ബിഹാറിന് ധാരാളം ലഭിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ അവ മുൻകൂറായി തകർന്നുവീണു’ -ഒരാൾ ‘എക്സി’ൽ കുറിച്ചു.
‘ഈ ബജറ്റ് വികസിത് ബിഹാറിനും വികസിത് ആന്ധ്ര പ്രദേശിനും വേണ്ടിയുള്ളതാണ്. മുന്നണിയെ സന്തോഷിപ്പിക്കാനാണ് പദ്ധതികൾ പ്രഖ്യപിച്ചത്’ -മറ്റൊരാൾ ‘എക്സി’ൽ ചൂണ്ടിക്കാട്ടി.
ബിഹാറിന് 26,000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്രയുടെ വികസനത്തിനായി 15,000 കോടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ കസേര സംരക്ഷിക്കാനും സഖ്യകക്ഷികളെ സന്തോഷിപ്പിക്കാനുമാണ് ഈ ബജറ്റെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണ്.
ചങ്ങാതിമാരായ മുതലാളിമാരെയും ബജറ്റ് സന്തോഷിപ്പിക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് ആശ്വാസമില്ല. എന്നാൽ, അദാനിക്കും അബാനിക്കും ആനുകൂല്യങ്ങൾ ഏറെയുണ്ട്. കോൺഗ്രസ് പ്രകടന പത്രികയും മുൻകാല ബജറ്റുകളും പകർത്തി എഴുതിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തുവന്നു. ബജറ്റിൽ പശ്ചിമ ബംഗാളിന് ഒന്നുമില്ലെന്നും ഈ ബജറ്റ് രാജ്യത്തിന് വേണ്ടിയല്ല, എൻ.ഡി.എക്ക് വേണ്ടിയാണെന്നും കല്യാൺ ബാനർജി പറഞ്ഞു. ഈ ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കസേര സംരക്ഷിക്കാനുള്ളതാണ്. കഴിഞ്ഞതവണ അവർ ഒഡിഷക്ക് വേണ്ടി ധാരാളം പദ്ധതികൾ പ്രഖ്യാപിച്ചു. ഇപ്പോൾ അവിടെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചു. അതിനാൽ തന്നെ ഒഡിഷക്ക് ഒന്നുമില്ല’ -കല്യാൺ ബാനർജി വ്യക്തമാക്കി.