India
hydrabad lulu mall
India

'നാണക്കേട്, ഇതല്ല ഹൈദരാബാദി സംസ്‌കാരം; ഹൈദരാബാദ് ലുലു മാളിലെ റൗഡി ഷോപ്പേഴ്‌സിനെതിരെ സോഷ്യൽ മീഡിയ

Web Desk
|
6 Oct 2023 8:26 AM GMT

നഗരത്തിലെ കുക്കട്ട്പള്ളിയിൽ സെപ്തംബർ 27നാണ് ലുലു മാൾ ആന്റ് ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്.

ഹൈദരാബാദ്: നഗരത്തില്‍ കഴിഞ്ഞയാഴ്ച പ്രവർത്തനമാരംഭിച്ച ലുലു മാളിൽ മര്യാദയില്ലാതെ ഷോപ്പിങ്ങിനിറങ്ങിയ ഉപയോക്താക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക രോഷം. മാളിലെ ലഘുഭക്ഷണങ്ങൾ കഴിക്കുകയും ബില്ലടയ്ക്കാതെ കടന്നു കളയുകയും ചെയ്ത ചിലർക്കെതിരെയാണ് ആളുകൾ വിമർശനവുമായി രംഗത്തെത്തിയത്. 'ഇത് ഹൈദരാബാദി സംസ്‌കാരമല്ല, നാടിന് നാണക്കേടാണ്' എന്ന കമന്റുകളുമായി നിരവധി പേർ ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചു.

കുക്കട്ട്പള്ളിയിൽ സെപ്തംബർ 27നാണ് ലുലു മാൾ ആന്റ് ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. അഞ്ചു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 300 കോടി രൂപ ചെലവിൽ നിർമിച്ച മാളിലേക്ക് ആദ്യദിവസം തന്നെ ആളുകളുടെ തള്ളിക്കയറ്റമായിരുന്നു. അനിയന്ത്രിതമായ ജനക്കൂട്ടത്തിന്റെ മറവിൽ ചിലരാണ് മാളിലെ ഭക്ഷ്യവസ്തുക്കൾ ബിൽ ചെയ്യാതെ കഴിക്കുകയും അവിടെ തന്നെ വലിച്ചെറിഞ്ഞ് കടന്നു കളയുകയും ചെയ്തത്.





ഇതിന്റെ വീഡിയോകൾ എക്‌സിലും ഇന്‍സ്റ്റഗ്രാമിലും വൈറലായതിനൊപ്പം ചർച്ചയ്ക്കും വഴിവച്ചു. 'സോറി, നാണക്കേട്, ഇതല്ല ഹൈദരാബാദ്, ഇതല്ല ഹൈദരാബാദി സംസ്‌കാരം' എന്നാണ് മുസമ്മിൽ ഖാൻ എന്ന യൂസർ പ്രതികരിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ കിരൺ സാഹൂ തന്റെ പേജായ ഫുഡ്ഹുഡിൽ പങ്കുവച്ച വീഡിയോ 24 മണിക്കൂറിനകം രണ്ടു ദശലക്ഷം പേരാണ് കണ്ടത്. 'ഇത് മര്യാദകേടാണ്, നമുക്കിത് നിർത്താം' എന്ന തലക്കെട്ടോടെയാണ് ഇവർ വീഡിയോ പങ്കുവച്ചത്.



അതിനിടെ, നഗരത്തിലെ മികച്ച ഷോപ്പിങ് അനുഭവമാണ് ലുലു മാൾ പ്രദാനം ചെയ്യുന്നതെന്ന് ആളുകൾ പറയുന്നു. ഏതാനും ചിലരിൽനിന്നുണ്ടായ അതിക്രമങ്ങളിൽ മാൾ അധികൃതർ കടുത്ത നടപടികലേക്ക് കടക്കില്ലെന്നാണ് സൂചന.




Similar Posts