യുക്രൈൻ യുദ്ധം: നൂറു ഡോളർ കടന്ന് ക്രൂഡോയിൽ വില- എണ്ണ പൊള്ളും
|യുദ്ധം തുടർന്നാൽ ക്രൂഡോയില്‍ വില 140 ഡോളർ വരെ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
മുംബൈ: യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ കുതിച്ചുയർന്ന് ക്രൂഡോയിൽ വില. എട്ടു വർഷത്തിനിടെ ആദ്യമായി ബെന്റ് ക്രൂഡോയിൽ ബാരൽ ഒന്നിന് നൂറു ഡോളർ കടന്നു. 2014ന് ശേഷമാണ് അസംസ്‌കൃത എണ്ണയുടെ വില നൂറു ഡോളര്‍ കടക്കുന്നത്. യുദ്ധം തുടർന്നാൽ വില 140 ഡോളർ വരെ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
2021 ഓഗസ്റ്റിൽ ശരാശരി എഴുപത് ഡോളറായിരുന്നു ക്രൂഡ് ഓയിൽ വില. നവംബറിൽ എൺപതിന് അടുത്തെത്തിയെങ്കിലും പിന്നീട് തിരിച്ചിറങ്ങി. ഇതാണിപ്പോൾ നൂറു കടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണയുത്പാദക രാഷ്ട്രമാണ് റഷ്യ.
ഇന്ത്യയിൽ എന്താകും സ്ഥിതി?
എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് പ്രകാരം 214.5 ദശലക്ഷം ടൺ എണ്ണയാണ് ഈ സാമ്പത്തിക വർഷം ഇന്ത്യയ്ക്ക് വേണ്ടത്. ഇതിൽ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കുതിച്ചുയരുന്ന ക്രൂഡോയിൽ വില ഇന്ത്യയുടെ വിശാലമായ സൂക്ഷ്മ-സാമ്പത്തിക സുസ്ഥിരതയെ തന്നെ ബാധിക്കും. പണപ്പെരുപ്പം രൂക്ഷമായി വർധിക്കാനും കാരണമാകും. ജനുവരിയിൽ 6.01 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. ഭക്ഷ്യവിലപ്പെരുപ്പവും ഉയർന്നുനിൽക്കുന്നു. 14 മാസത്തെ ഏറ്റവും കൂടിയ നിരക്കായ 5.43 ശതമാനത്തിലാണ് വിലപ്പെരുപ്പം.
ക്രൂഡോയിൽ വില വർധിക്കുന്നത് രാജ്യത്തെ ഉപഭോഗത്തെ നേരിട്ടു ബാധിക്കും. കോവിഡ് മഹാമാരി മൂലം നേരത്തെ ഉപഭോഗം കുറഞ്ഞിരുന്നു. 'എണ്ണയുൽപ്പന്നങ്ങളിൽ ചെലവഴിക്കുന്നത് വർധിച്ചാൽ വാങ്ങൽ ശേഷി കുറയും. ഉയർന്ന എണ്ണ വിലയും മൊത്തം ഉപഭോഗവും തമ്മിൽ നെഗറ്റീവായ ബന്ധമാണുള്ളത്. എണ്ണവില എത്ര കാലത്തേക്ക് ഉയർന്നു നിൽക്കും എന്നതാണ് പ്രധാനം' - സ്റ്റാൻഡേഡ് ചാട്ടേർഡ് ബാങ്കിലെ സീനിയർ എകണോമിസ്റ്റ് അനുഭീതി സഹായ് പറഞ്ഞു.
ഇറക്കുമതിച്ചെലവു വർധിക്കുന്നത് ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് (കറന്റ് അക്കൗണ്ട് കമ്മി) കൂടാനിടയാക്കും. ഇതു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ (ജിഡിപി) ബാധിക്കും. ഇറക്കുമതിക്കു കൂടുതൽ തുക ഡോളറിൽ വേണ്ടി വരുന്നതിനാൽ ഇന്ത്യൻ രൂപ ദുർബലമാകുന്ന സാഹചര്യവുമുണ്ടാകും.
പിടിച്ചു നിർത്താൻ എന്തു ചെയ്യണം
നവംബർ നാലിനാണ് ഇന്ത്യ ഇന്ധന വിലയിൽ മാറ്റം വരുത്തിയത്. അന്ന് 75 ഡോളറായിരുന്നു ഒരു ബാരലിന്റെ വില. യുപി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധന വിലയിൽ മാറ്റം വരുത്തുന്നത് കേന്ദ്രസർക്കാർ മരവിപ്പിക്കുകയായിരുന്നു. മാർച്ച് പത്തിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ധന വിലയിൽ മാറ്റമുണ്ടാകും. വില 125 രൂപയെങ്കിലും കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ധനവില പിടിച്ചു നിർത്തണമെങ്കിൽ കൂടുതൽ സബ്‌സിഡി നൽകേണ്ടി വരും. എന്നാൽ പെട്രോളിയം സബ്‌സിഡികൾ 11 ശതമാനം കുറയ്ക്കണം എന്നാണ് ഈ മാസം നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ നിർദേശമുണ്ടായിരുന്നത്.
2023 സാമ്പത്തിക വർഷത്തിൽ അസംസ്‌കൃത എണ്ണ ബാരലിന് 70-75 ഡോളർ നിലവാരത്തിലായിരിക്കുമെന്ന അനുമാനത്തിലാണ് ബജറ്റിനോടനുബന്ധിച്ചുള്ള സാമ്പത്തിക സർവേ തയ്യാറാക്കിയിരുന്നത്. അതിനിടെയാണ് യുക്രൈൻ-റഷ്യ സംഘർഷമുണ്ടാകുന്നത്. വിലക്കയറ്റ സൂചിക മുകളിൽ നിൽക്കുന്ന സാഹചര്യത്തിൽ പലിശ നിരക്കുകൾ ഉയർത്താൻ റിസർവ് ബാങ്കും നിർബന്ധിതമാകും. വിലക്കയറ്റത്തോടൊപ്പമുള്ള പലിശ നിരക്കു വർധന ഇരട്ടിപ്രഹരമാകും.
വിപണിയിലും ഇടിവ്
യുദ്ധം വിപണിയെയും ബാധിച്ചു. നിഫ്റ്റി 16,600നും സെൻസെക്സ് 56,000നും താഴേയ്ക്കു പതിച്ചു. തുടർച്ചയായ ഏഴാമത്തെ ദിവസമാണ് വിണി നഷ്ടത്തിൽ തുടരുന്നത്. സെൻസെക്സ് 1426 പോയന്റ് താഴ്ന്ന് 55,805ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തിൽ 16,655ലുമാണ് വ്യാപാരം ആരംഭിച്ചത്. യുപിഎൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ പ്രധാനമായും നഷ്ടത്തിൽ.