India
Curfew in Manipur Imphal
India

വീണ്ടും സംഘർഷം: ഇംഫാലിൽ നിരോധനാജ്ഞ

Web Desk
|
22 May 2023 12:40 PM GMT

പൊലീസിന് പുറമെ സൈനിക, അർധ സൈനിക വിഭാഗത്തെയും ഇംഫാലിൽ വിന്യസിച്ചിട്ടുണ്ട്

ഇംഫാല്‍: വീണ്ടും സംഘർഷമുണ്ടായതിനു പിന്നാലെ മണിപ്പൂരിലെ ഇംഫാലിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ന്യൂചേക്കൊൺ മേഖലയിലാണ് ഇന്ന് സംഘർഷമുണ്ടായത്. പൊലീസിന് പുറമെ സൈനിക, അർധ സൈനിക വിഭാഗത്തെയും ഇംഫാലിൽ വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ മെയ്തെയ് വിഭാഗം മണിപ്പൂരിൽ മഹാറാലി നടത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. കുകി ഗോത്രവിഭാഗത്തിനു സ്വാധീനമുള്ള മേഖലയിലാണ് സംഘർഷമുണ്ടായത്.

കഴിഞ്ഞ ഒരു മാസമായി മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. അക്രമത്തിൽ 70ലധികം പേർ കൊല്ലപ്പെട്ടു. കോടികളുടെ നാശനഷ്ടമുണ്ടായി. ആയിരക്കണക്കിന് പേര്‍ വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി. പലരും സര്‍ക്കാറിന്‍റെ ക്യാമ്പുകളില്‍ അഭയം തേടി.

മണിപ്പൂരിലെ ജനസംഖ്യയുടെ 64 ശതമാനവും മെയ്തെയ് ആണ്. വിജ്ഞാപനം ചെയ്യപ്പെട്ട മലയോര പ്രദേശങ്ങളിൽ ആദിവാസികളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ അനുവാദമില്ല. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ അവര്‍ക്കും ഭൂമി വാങ്ങാമെന്ന സ്ഥിതി വന്നു. ഇതു ഗോത്രവര്‍ഗ മേഖലയില്‍ അസ്വസ്ഥതയുണ്ടാക്കി.

മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തങ്ങളെ ആസൂത്രിതമായി ലക്ഷ്യം വച്ചെന്ന് കുകി വിഭാഗം ആരോപിച്ചു. വനങ്ങളിൽ നിന്നും വീടുകളിൽ നിന്നും തങ്ങളെ നീക്കം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. പിന്നാലെയായിരുന്നു സംഘര്‍ഷം.

Summary- fresh clashes broke out again and curfew back in Manipur's Imphal.

Related Tags :
Similar Posts