നാസികിലെ കറന്‍സി പ്രസില്‍ നിന്നും അഞ്ചു ലക്ഷം രൂപ മോഷണം പോയി
|കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് മോഷണം നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു
മഹാരാഷ്ട്രയിലെ നാസികിലുള്ള കറന്‍സി നോട്ട് പ്രസില്‍ നിന്നും അഞ്ചു ലക്ഷം രൂപ മോഷണം പോയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് മോഷണം നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
2021 ഫെബ്രുവരി 12നും ജൂലൈ 12നും ഇടയിലാണ് വന്‍തുക കാണാതായത്. കഴിഞ്ഞ ഫെബ്രുവരിയിൽ 500ന്‍റെ നോട്ടുകൾ കാണാതായെന്ന സംശയത്തെ തുടർന്ന് ആഭ്യന്തര ഓഡിറ്റിങ് സമിതിക്ക് രൂപം നൽകി അന്വേഷണം ആരംഭിക്കുകയായിരുന്നു. 500ന്‍റെ 1000 കറൻസി നോട്ടുകളാണ് കാണാതായത്. അതിസുരക്ഷയുള്ള ഇവിടെ പുറത്തുനിന്ന് മോഷ്ടാക്കൾ വരാൻ സാധ്യതയില്ലാത്തതിനാൽ ജീവനക്കാരിൽ ആരോ ആകാം പിന്നിലെന്നാണ് കരുതുന്നത്.
ഫെബ്രുവരിയിൽ 500ന്‍റെ ഒരു കെട്ട് നോട്ട് കാണാതാകുന്നതോടെയാണ് തുടക്കം. തുടര്‍ന്നും പണം നഷ്ടപ്പെട്ടു. ആകെ 10 കെട്ടുകളാണ് നഷ്ടമായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നഷ്ടക്കണക്ക് പുറത്തുവന്നത്. ചൊവ്വാഴ്ച നാസിക് ഉപനഗർ പൊലീസ് സ്റ്റേഷനിലെത്തി പ്രസ് ആഭ്യന്തര അന്വേഷണ സമിതി പരാതി നൽകി.