ഇപ്പോഴത്തെ രാഷ്ട്രീയം മുസ്‍ലിംകൾക്ക് എതിര്, വർഗീയത അതിന്റെ ഉച്ചസ്ഥായിയിൽ - സമാജ്‍വാദി പാർട്ടി എം.പി
|മുസ്‍ലിംകളുടെ അവകാശങ്ങളെയും നീതിയെയും കുറിച്ച് സംസാരിച്ചാൽ, അമുസ്‌ലിം വോട്ടർമാർക്ക് അതൃപ്തിയുണ്ടാകുമോ എന്ന ഭയം പ്രതിപക്ഷപാർട്ടികൾക്ക് ഉണ്ടെന്ന് ഡോ.സയ്യിദ് തുഫൈൽ ഹസൻ
ന്യൂഡൽഹി: മുസ്‍ലിംകളെ എങ്ങനെ പീഡിപ്പിക്കുന്നു എന്നതിനനുസരിച്ചാണ് ബിജെപിയിൽ ഒരാൾ ഉന്നത നേതാവാകുന്നതെന്ന് സമാജ്വാദി പാർട്ടി എംപി ഡോ. സയ്യിദ് തുഫൈൽ ഹസൻ. പ്രതിപക്ഷ പാർട്ടികൾ മൗനം പാലിക്കുകയാണ്. ഇപ്പോഴത്തെ രാഷ്ട്രീയം മുസ്‍ലിംകൾക്ക് എതിരാണ്. വർഗീയത അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈ സാഹചര്യത്തിൽ, പ്രതിപക്ഷത്തിന് പോലും മുസ്‍ലിംകളുടെ അവകാശങ്ങളെയും നീതിയെയും കുറിച്ച് സംസാരിച്ചാൽ, അമുസ്‌ലിം വോട്ടർമാർക്ക് അതൃപ്തിയുണ്ടാകുമോ എന്ന ഭയമുണ്ടെന്നും ഹസൻ പറഞ്ഞു. ദി ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മൊറാദാബാദിൽ നിന്നുള്ള എസ്.പി എം.പി നിലപാട് വ്യക്തമാക്കിയത്.
‘ബാബരി മസ്ജിദ് തകർത്തതിൽ സുപ്രിം കോടതി വിധി വരികയും രാമക്ഷേത്ര പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. പക്ഷെ അതൊരു വിധി മാത്രമായിരുന്നു നീതിയല്ലായിരുന്നു. എന്നിട്ടും ആ പ്രശ്നം പരിഹരിക്കപ്പെട്ടു. ഇപ്പോഴിതാ ഗ്യാൻവാപി മസ്ജിദിന് നേരെ തിരിഞ്ഞിരിക്കുന്നു. പിന്നെ മഥുര,താജ്മഹൽ കുത്തബ് മിനാർ ഡൽഹിയിലെ ജമാമസ്ജിദ് ഇതിന് പുറമ 3,000 പള്ളികളിലാണ് അവർ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിലൂടെ സ്നേഹത്തിന്റെയാണോ വെറുപ്പിന്റെയാണോ സന്ദേശം പകർന്ന് നൽകുന്നതെന്ന് എല്ലാവരും ചിന്തിക്കണെമെന്ന്’ കഴിഞ്ഞ ദിവസം ഹസൻ പാർലമെന്റിൽ പ്രസംഗിച്ചിരുന്നു.
എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.
1992 ഡിസംബർ ആറിന് ബാബറി മസ്ജിദിൽ സംഭവിച്ചതെല്ലാം കുറ്റകൃത്യമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ബാബരിയുടെ അടിയിൽ ക്ഷേത്രമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി അംഗീകരിച്ചു. എന്നിട്ടും തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്താണ് രണ്ട് സമുദായങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായുള്ള തർക്കം സുപ്രീം കോടതി പരിഹരിച്ചത്. ആ സുപ്രീം കോടതി വിധിയെ മുസ്‍ലിംകൾ ബഹുമാനിച്ചു. ആ വിഷയം പരിഹരിക്കപ്പെടുകയു ചെയ്തു. അതുകൊണ്ട് തന്നെയാണ് ബാബരിയിലെ സുപ്രീം കോടതിയുടെത് വിധിമാത്രമാണെന്നും നീതി നടപ്പായില്ലെന്നും പറഞ്ഞത്. ആ മണ്ണിൽ ഇപ്പോൾ രാമക്ഷേത്രം പണിതു. രാമനെ മുസ്‍ലിംകൾ ബഹുമാനിക്കുന്നു. എന്നാൽ ആ രാമനെ നിസാര രാഷ്ട്രിയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനെ അംഗീകരിക്കനാവില്ല. ചില ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മതത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയം രാജ്യത്തിനും ഭാവി തലമുറയ്ക്കും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാബരി വിധിക്ക് ശേഷമെങ്കിലും 1991 ലെ ആരാധനാലയ നിയമം പാലിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. നിയമങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ കോടതി തീരുമാനമെടുക്കേണ്ടത്. എന്നാൽ ഗ്യാൻവാപിയിൽ അവകാശ വാദം ഉന്നയിച്ച് ഒരുകൂട്ടം ആളുകൾ രംഗത്തി.പിന്നാലെ മഥുര, താജ്മഹൽ,ഡൽഹി ജമാമസ്ജിദ്,കുത്തബ് മിനാർ, അതിന് പുറമെ 3000 പള്ളികൾ അവരുടെ ലിസ്റ്റ് നീളുകയാണ്. ഇത് ഈ രാജ്യത്തിന് നൽകുന്ന സന്ദേശമെന്താണ്. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്ക് ഊഹിക്കാം. സാമുദായിക സൗഹാർദം നിലനിറുത്തുന്ന തീരുമാനങ്ങൾ ഇനിയെങ്കിലും കോടതികൾ കൈക്കൊള്ളുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരിൽ ഒരു വിഭാഗം ജനങ്ങളുടെ മതവികാരങ്ങളുയർത്തി വർഗീയവൽക്കരിച്ച് നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്.
3000 മസ്ജിദുകളുടെ പേരിൽ അവകാശവാദം ഉന്നയിച്ച് സാമൂഹിക സൗഹാർദം തകർക്കുകയാണെങ്കിൽ അത് രാജ്യതാൽപ്പര്യത്തിനോ സാമുദായിക സൗഹാർദത്തിനോ വേണ്ടിയാണെന്ന് കരുതാൻ പറ്റുമോ. ഒരു സമുദായം എത്ര കാലം ഇത് സഹിക്കും. മതകേന്ദ്രങ്ങളിൽ അവകാശവാദം ഉന്നയിക്കുന്നത് അവസാനിപ്പിച്ച് സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ ജനങ്ങളെ അനുവദിക്കുകയാണ് വേണ്ടത്.
ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് നിയമം പാസാക്കിയത് രാഷ്ട്രീയ സ്റ്റണ്ടാണ്. എന്താണ് യു.സി.സിയുടെ ആവശ്യകത.മുസ്‍ലിംകളും ഹിന്ദുക്കളും ആദിവാസികളും അവരുടെ സ്വന്തം നിയമങ്ങളാൽ ജീവിക്കുന്നു. എന്നിട്ടും കഴിഞ്ഞ 76 വർഷമായി രാജ്യം സുഖമമായി മുന്നോട്ട് പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ രാഷ്ട്രീയം മുസ്‍ലിംകൾക്ക് എതിരാണ്. ലക്ഷ്യം മുസ്‍ലിംകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.