ബാങ്ക് ലോക്കറിൽ സൂക്ഷിച്ച രണ്ടേകാൽ ലക്ഷം രൂപ ചിതലരിച്ച് നശിച്ചു
|രണ്ട് ലക്ഷം രൂപ ഒരു ബാഗിലും ബാക്കിയുള്ള പണം പുറത്തുമായിരുന്നു സൂക്ഷിച്ചിരുന്നത്
ഉദയ്പൂർ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന കറൻസിനോട്ടുകൾ ചിതലരിച്ചു നശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിലാണ് സംഭവം. ഉദയ്പൂരിലെ സുനിത മേത്ത എന്ന ഉപഭോക്താവിന്റെ 2.15 ലക്ഷം രൂപയാണ് നഷ്ടമായത്. ലോക്കർ തുറന്നുനോക്കിയപ്പോഴാണ് നോട്ടുകെട്ടുകൾ ചിതലരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് ലക്ഷം രൂപ ഒരു ബാഗിലും ബാക്കിയുള്ള പണം ബാഗിന് പുറത്തുമായിരുന്നു സൂക്ഷിച്ചിരുന്നത്. പണം നഷ്ടമായതിനെ തുടർന്ന് ഉപഭോക്താവ് ബാങ്ക് അധികാരികൾക്ക് പരാതി നൽകുകയും ചെയ്തു.15,000 രൂപ പൂർണമായും ചിതലരിച്ച നിലയിലായിരുന്നു. ഈ പണം ബാങ്ക് ഉടൻ തന്നെ മാറ്റി നൽകി.
വീട്ടിലെത്തിയപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയിലും ചിതലരിച്ചിട്ടുള്ളതായി മനസിലാക്കിയത്. ചിതലരിച്ച നോട്ടുകളുടെ ചിത്രവും ഇവർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായി വീഴ്ചയാണ് പണം നശിക്കാൻ കാരണമെന്നും സുനിത പറഞ്ഞു.
അതേസമയം, സ്ഥിതിഗതികൾ പരിഹരിക്കാൻ ഉപഭോക്താവിനെ ബാങ്കിലേക്ക് തിരികെ വിളിച്ചതായി സീനിയർ മാനേജർ പ്രവീൺ കുമാർ യാദവ് പറഞ്ഞു. ബാങ്കിലെ 20-25 ലോക്കറുകൾ ഇത്തരത്തിൽ ചിതലരി
ച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഏതൊക്കെ ലോക്കറുകളിൽ നിന്ന് എന്തൊക്കെ നഷ്ടമായെന്ന് വ്യക്തമായിട്ടില്ല. ലോക്കറുകളിൽ കീടനാശിനി തളിച്ച് ചിതലിനെ തുരത്തിയെന്നും റിപ്പോർട്ടുകളുണ്ട്.