"സമരം ചെയ്യണമെങ്കിൽ റോഡിൽ കിടന്നുറങ്ങെന്ന് പൊലീസ്, കറന്റും വെള്ളവുമില്ല"; ഡൽഹി പൊലീസിനെതിരെ ബജ്‌റംഗ് പുനിയ
|പ്രതിഷേധ സ്ഥലത്ത് സാധനങ്ങൾ എത്തിക്കാൻ വന്നവരെ പോലീസ് അടിചോദിച്ചുവെന്നും ബജ്‌റംഗ് പുനിയ ആരോപിച്ചു. പോലീസും ഭരണകൂടവും എത്ര പീഡിപ്പിച്ചാലും നീതി ലഭിക്കും വരെ ഞങ്ങൾ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരം കൂടുതൽ ശക്തമാക്കുകയാണ് ഗുസ്തി താരങ്ങൾ. എഫ്ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്. ഡൽഹി പോലീസിൽ വിശ്വാസമില്ലെന്നും ജന്തർമന്തറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗുസ്തി താരം ബജ്‌റംഗ് പുനിയ പറഞ്ഞു. ഡൽഹി പോലീസിനെതിരെ കൂടുതൽ ആരോപണങ്ങളും ബജ്‌റംഗ് പുനിയ ഉന്നയിച്ചിരുന്നു.
ഗുസ്തിക്കാരുടെ സമര സ്ഥലത്ത് പോലീസ് വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‌റംഗ് പുനിയ പറയുന്നു. ജന്തർമന്തറിൽ പ്രതിഷേധിക്കുന്നിടത്ത് ഭക്ഷണവും വെള്ളവും ഡൽഹി പോലീസ് തടഞ്ഞുവെച്ചതായും അദ്ദേഹം ആരോപിച്ചു. സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു. ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതിഷേധം അവസാനിപ്പിക്കാൻ നിർബന്ധിച്ച് പോലീസ് രംഗത്തെത്തിയതാണ് അദ്ദേഹം പറഞ്ഞു.
എന്ത് വന്നാലും ഭക്ഷണവും വെള്ളവും അനുവദിക്കില്ലെന്നാണ് എസിപി പറഞ്ഞത്. സുപ്രിംകോടതി നോട്ടീസ് നൽകിയതിന് പിന്നാലെ ഡൽഹി പോലീസ് തങ്ങളെ സമ്മർദ്ദത്തിലാക്കുകയാണെന്നും ബജ്‌റംഗ് പുനിയ ആരോപിച്ചു. "നിങ്ങൾക്ക് പ്രതിഷേധിക്കണമെങ്കിൽ റോഡിൽ കിടന്നുറങ്ങൂ എന്ന് പോലീസ് പറഞ്ഞു. ആരാണ് പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നത്? മുൻപ് ഇത്തരമൊരു പ്രശ്നം ഉണ്ടായിരുന്നില്ല. സുപ്രിംകോടതി ഇടപെട്ടതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള പോലീസ് നടപടി"
പ്രതിഷേധ സ്ഥലത്ത് സാധനങ്ങൾ എത്തിക്കാൻ വന്നവരെ പോലീസ് അടിചോദിച്ചുവെന്നും ബജ്‌റംഗ് പുനിയ ആരോപിച്ചു. പോലീസും ഭരണകൂടവും എത്ര പീഡിപ്പിച്ചാലും നീതി ലഭിക്കും വരെ ഞങ്ങൾ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതി കോടതിയിലെത്തിയ സാഹചര്യത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ ഇടാൻ തയാറായത്.
സുപ്രിംകോടതി ഉത്തരവിനെ മാനിക്കുന്നുവെന്നും എന്നാല്‍ എഫ്.ഐ.ആര്‍ ഇടാന്‍ വേണ്ടി മാത്രമല്ല ബ്രിജ്ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ വേണ്ടിയാണ് തങ്ങളുടെ സമരമെന്നും താരങ്ങള്‍ പ്രതികരിച്ചു. സുപ്രിംകോടതി ഉത്തരവ് വിജയത്തിന്‍റെ ആദ്യപടിയായാണ് കാണുന്നതെന്നും ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ ഡൽഹി ജന്തർ മന്തറിലെ സമരം തുടരുമെന്നും ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.