പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗം നാളെ ഹൈദരാബാദിൽ
|തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രം മെനയുകയാണ് യോഗലക്ഷ്യം
ഡല്‍ഹി: പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതി നാളെ ഹൈദരാബാദിൽ യോഗം ചേരും. തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രം മെനയുകയാണ് യോഗലക്ഷ്യം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളെയും യോഗം നിശ്ചയിച്ചേക്കും.
പുതുതായി രൂപീകരിച്ച 84 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗത്തിനു ശേഷം 17ന് വിശാല പ്രവർത്തക സമിതി ചേരും. പുനഃസംഘടിപ്പിക്കുന്ന സംസ്ഥാന ചുമതലകൾ, പുതിയ ട്രഷറർ എന്നിങ്ങനെയുള്ള തീരുമാനം ആദ്യ ദിവസംതന്നെ ഉണ്ടായേക്കും.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ലക്ഷ്യമിട്ട്, 17ന് ഹൈദരാബാദിൽ വൻ റാലിയും അഞ്ച് വാഗ്‌ദാനങ്ങളുടെ പ്രഖ്യാപനവും നടത്തും.അന്ന് പ്രവർത്തക സമിതി അംഗങ്ങളും പി.സി.സി അധ്യക്ഷൻമാരും നിയമസഭാ കക്ഷി നേതാക്കളും പാർലമെന്‍ററി പാർട്ടി നേതാക്കളും പങ്കെടുക്കുന്ന പ്രത്യേക യോഗവും ചേരും.
പ്രവർത്തക സമിതി അംഗങ്ങളടക്കം നേതാക്കൾ, തെലങ്കാനയിലെ 119 അസംബ്ളി മണ്ഡലങ്ങളിൽ ഗൃഹ സന്ദർശം നടത്തും. ഈ യാത്രയ്ക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഫ്ളാഗ് ഓഫ് ചെയ്യും. സാധാരണ ആദ്യ പ്രവർത്തക സമിതി യോഗം ഡൽഹിയിലാണ് സംഘടിപ്പിക്കാറുള്ളതെങ്കിലും തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് തെലങ്കാനയിലേക്ക് മാറ്റിയത്.