India
സൈബർ കുറ്റകൃത്യങ്ങൾ: 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
India

സൈബർ കുറ്റകൃത്യങ്ങൾ: 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

Web Desk
|
12 Nov 2024 5:48 AM GMT

2023 ജനുവരി മുതൽ ഒരു ലക്ഷം പരാതികളാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങളിലൂടെയുള്ള വരുമാനം വെളുപ്പിക്കുന്നതിനായി ബാങ്കുകളിൽ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഏകദേശം 4.5 ലക്ഷം മ്യൂൾ അക്കൗണ്ടുകളാണ് കഴിഞ്ഞ വർഷം കേന്ദ്രം മരവിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങളിലൂടെയുള്ള വരുമാനം വെളുപ്പിക്കുന്നതിനായാണ് സാധാരണയായി മ്യൂൾ അക്കൗണ്ടുകൾ തട്ടിപ്പുകാർ ഉപയോ​ഗിക്കുന്നത്.

കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എയർടെൽ പേയ്‌മെൻ്റ് ബാങ്ക് എന്നിവയിലാണെന്ന് അധികൃതർ അറിയിച്ചു. എസ്ബിഐയുടെ ശാഖകളിൽ ഏകദേശം 40,000 മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തി. പഞ്ചാബ് നാഷണൽ ബാങ്കിൽ 10,000 (ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടെ), കാനറ ബാങ്കിൽ 7,000 (സിൻഡിക്കേറ്റ് ബാങ്ക് ഉൾപ്പെടെ) കൊട്ടക് മഹീന്ദ്ര ബാങ്കിൽ 6,000, എയർടെൽ പേയ്‌മെൻ്റ് ബാങ്കിൽ 5,000 മ്യൂൾ അക്കൗണ്ടുകളാണ് കണ്ടെത്തിയത്.

ചെക്കുകളിലൂടെയും എടിഎമ്മുകളിലൂടെയും ഡിജിറ്റലായി മറ്റൊരു വ്യക്തിയുടെ സ്വകാര്യ രേഖകൾ ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന ഇത്തരം മ്യൂൾ അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പുകാർ പണം പിൻവലിക്കുന്നുണ്ടെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4സി) അറിയിച്ചു. 2023 ജനുവരി മുതൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഏകദേശം ഒരു ലക്ഷം സൈബർ പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കവർച്ച നടത്തുന്ന ഇത്തരം ബാങ്ക് അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനകൾക്ക് നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം അക്കൗണ്ടുകൾ തുടങ്ങുന്നതിൽ ബാങ്ക് മാനേജർമാരുടെ അല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്

Similar Posts