India
Cyber law will amend against deepfake video
India

ഡീപ്‌ഫേക്ക് വീഡിയോ: എട്ട് ദിവസത്തിനകം നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Web Desk
|
16 Jan 2024 11:35 AM GMT

തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്തം സമൂഹ മാധ്യമങ്ങൾക്കാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ന്യൂഡൽഹി: ഡീപ്ഫേക്ക് വീഡിയോ തടയുന്നതിന് ഐ.ടി നിയമത്തിൽ എട്ട് ദിവസത്തിനകം ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡീപ്ഫേക്ക് വീഡിയോക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തിയതിന് പിന്നാലെയാണ് കേന്ദ്ര ഐ.ടി മന്ത്രിയുടെ പ്രതികരണം. തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്തം സമൂഹ മാധ്യമങ്ങൾക്കാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഡീപ്ഫേക്ക് വീഡിയോക്കെതിരെ സമീപകാലത്ത് നിരവധി പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സച്ചിൻ ടെണ്ടുൽക്കർ കേന്ദ്ര ഐ.ടി മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് എക്‌സിൽ ഡീപ്ഫേക് വീഡിയോക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനിർമാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

ഓൺലൈൻ ഗെയിം പരിചയപ്പെടുത്തുന്ന രീതിയിലാണ് സച്ചിന്റെ വ്യാജ വീഡിയോ പ്രചരിച്ചത്. സച്ചിനും മകളും ഓൺലൈൻ ഗെയിം കളിക്കാറുണ്ടെന്നും പണമുണ്ടാക്കാറുണ്ടെന്നുമുള്ള രീതിയിലായിരുന്നു വ്യാജ വീഡിയോ പ്രചരിച്ചത്. സാങ്കേതികവിദ്യ ഇങ്ങനെ ഉപയോഗിക്കുന്നതിൽ ആശങ്കയുണ്ടെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു.


Similar Posts