ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വൈകിട്ടോടെ അസാനി ചുഴലിക്കാറ്റാകും; അതീവ ജാഗ്രതാ നിർദേശം
|മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വേഗതയാണ് കാറ്റിന് പ്രവചിച്ചിട്ടുള്ളത്. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് വൈകീട്ടോടെ അസാനി ചുഴലിക്കാറ്റായി മാറും. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വേഗതയാണ് കാറ്റിന് പ്രവചിച്ചിട്ടുള്ളത്. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
ഇന്ന് വൈകീട്ടോടെ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപം കൊള്ളുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആന്ധ്ര, ഒഡീഷ തീരങ്ങളെയാണ് കാറ്റ് നേരിട്ട് ബാധിക്കുക. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റ് സഞ്ചരിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലെ ജഗത്സിങ്പൂർ, ഗഞ്ചം, കോദ്ര ജില്ലകളെ കാറ്റ് സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
അതിശക്തമായ മഴ ഈ ജില്ലകളിലുണ്ടാകുമെന്നാണ് പ്രവചനം. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. എൻ.ഡി.ആർ.എഫിനോട് സഹായം അഭ്യർഥിച്ചതായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് പറഞ്ഞു. തീരദേശത്തുള്ളവരോട് ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശം നൽകി കഴിഞ്ഞു.175 ഫയർഫോഴ്സ് യൂണിറ്റുകളാണ് രക്ഷാദൗത്യത്തിനായി വിന്യസിക്കുക. അവധിയിലുള്ള ജീവനക്കാരോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി.ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Summary-Cyclone Asani set to intensify