ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തില്‍ നിരവധിപ്പേരെ ഒഴിപ്പിച്ചു; കനത്ത ജാഗ്രതയിൽ രാജ്യം
|കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ യോഗം ചേരും
കച്ച്: ബിപോർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച തീരം തൊടാനിരിക്കെ ഗുജറാത്തിലെ കച്ചിലും ദ്വാരകയിലുമായി നിരവധിപ്പേരെ ഒഴിപ്പിച്ചു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സൗരാഷ്ട്ര-കച്ച് മേഖല വഴി വ്യാഴാഴ്ച ജാഖു തുറമുഖത്തിന് സമീപം ചുഴലിക്കാറ്റ് കരത്തോടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതോടെ ഗുജറാത്തിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിച്ചു തുടങ്ങി.
പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്റ്റ്ഗാർഡും കപ്പലുകളും ഹെലികോപ്ടറുകളും അയച്ചിട്ടുണ്ട്.
അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കും. കൺട്രോൾ റൂമുകൾ തുറക്കും. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ഗുജറാത്ത്, തമിഴ്നാട്, പഞ്ചാബ്, ഒഡിഷ എന്നിവിടങ്ങളിലേയ്ക്ക് എൻഡിആർഎഫ് സംഘങ്ങളെയും നിയോഗിച്ചു. ഗുജറാത്തിൽ 67 ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള തിരുന്നൽവേലി - ജാംനഗർ എക്സ്പ്രസും ഇതിൽപെടും.
ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡ്യയുടെ നേതൃത്വത്തിൽ കച്ചിൽ യോഗം ചേർന്നു. ഇന്ന് വൈകുന്നേരം കേന്ദ്രമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ കാലാവസ്ഥാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാർ പങ്കെടുക്കും.