സൈറസ് മിസ്ത്രിയുടെ വാഹനം പരിശോധിക്കാനായി ഹോങ്കോങ്ങിൽനിന്നുള്ള ബെൻസ് വിദഗ്ധർ മുംബൈയിൽ
|സെപ്റ്റംബർ നാലിനാണ് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലുണ്ടായ അപകടത്തിൽ മിസ്ത്രിയും (54) കുടുംബസുഹൃത്ത് ജഹാംഗീർ ബിൻഷാ പന്തൊളെയും മരിച്ചത്.
മുംബൈ: ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണമായ കാറപടകത്തെക്കുറിച്ച് പഠിക്കാൻ ഹോങ്കോങ്ങിൽനിന്നുള്ള ബെൻസ് വിദഗ്ധരുടെ സംഘം മുംബൈയിലെത്തി. മൂന്നംഗ സംഘമാണ് ഹോങ്കോങ്ങിൽനിന്ന് എത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇവർ പരിശോധന നടത്തുക. കാറിന്റെ സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുകയെന്ന് പൽഗാർ എസ്.പി ബാലാസാഹബ് പാട്ടീൽ പറഞ്ഞു.
ബെൻസിന്റെ കമ്പനിയിൽനിന്നുള്ള സാങ്കേതിക വിദഗ്ധരാണ് എത്തിയത്. അപകടത്തിൽപ്പെട്ട കാർ താനെയിലെ മേഴ്സിഡസ് ബെൻസ് യൂണിറ്റിലാണുള്ളത്. പരിശോധനകൾക്ക് ശേഷം ഇവർ കമ്പനിക്ക് റിപ്പോർട്ട് നൽകും.
സെപ്റ്റംബർ നാലിനാണ് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലുണ്ടായ അപകടത്തിൽ മിസ്ത്രിയും (54) കുടുംബസുഹൃത്ത് ജഹാംഗീർ ബിൻഷാ പന്തൊളെയും മരിച്ചത്. ബിൻഷായുടെ സഹോദരൻ ഡാരിയസ് പന്തൊളെ, ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇവർ മുംബൈ സർ എച്ച്.എൻ ഫൗണ്ടേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോ. അനഹിതയാണ് കാർ ഓടിച്ചിരുന്നത്. അപകടം നടക്കുമ്പോൾ കാർ 180-190 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.