India
karnataka attack
India

ഒരുമിച്ചിരുന്നു; കർണാടകയിൽ ദലിത് യുവാവിനും മുസ്‌ലിം യുവതിക്കും നേരെ സദാചാര ആക്രമണം

Web Desk
|
7 Jan 2024 12:42 PM GMT

എന്തിനാണ് ഒരു ഹിന്ദുവും മുസ്‌ലിമും ഒരുമിച്ചിരിക്കുന്നതെന്ന് ചോദിച്ചായിരുന്നു മർദനം. 13 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കർണാടകയിലെ ബെലഗാവിയിൽ ഒരുമിച്ചിരുന്നതിന്റെ പേരിൽ 18കാരനും യുവതിക്കും ക്രൂര മർദനം. ഒരു ദലിത് ആൺകുട്ടിയും മുസ്‌ലിം യുവതിയും ഒരുമിച്ചിരുന്നു എന്നാരോപിച്ചായിരുന്നു സദാചാര ആക്രമണം.

സച്ചിൻ ലമാനി (18), മുസ്‌കാൻ പട്ടേൽ (22) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പൈപ്പുകളും വടികളും ഉപയോഗിച്ച് മർദിച്ചതായി ഇവർ പൊലീസിനോട് പറഞ്ഞു. ഇരുവരും പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബെലഗാവി പോലീസ് എസ്‌സി/എസ്ടി അട്രോസിറ്റി ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

"എന്തിനാണ് ഒരു ഹിന്ദുവും മുസ്‌ലിമും ഒരുമിച്ചിരിക്കുന്നതിന് അവർ ചോദിച്ചു. അവൾ മുസ്‌ലിമല്ലെന്നും എന്റെ സ്വന്തം അമ്മായിയുടെ മകളാണെന്നും ഞാൻ മറുപടി പറഞ്ഞു. തൊഴിലില്ലാത്ത ബിരുദധാരികൾക്ക് ധനസഹായം നൽകുന്ന യുവ നിധി പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ പോകുമ്പോഴായിരുന്നു സംഭവം. ഉച്ചഭക്ഷണ സമയമായതിനാൽ ഒരു മണിക്കൂർ കഴിഞ്ഞ് വരാൻ ഓഫീസിലുണ്ടായിരുന്നവർ പറഞ്ഞതനുസരിച്ച് പുറത്ത് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അൽപ നേരം കഴിഞ്ഞ് കില്ല തടാകത്തിനടുത്തേക്ക് പോയി. അപ്പോഴാണ് ഒരു സംഘം ആളുകൾ ഞങ്ങൾക്ക് നേരെ വന്നത്.": സംഭവത്തെ കുറിച്ച് പറയുമ്പോഴും സച്ചിന്റെ കണ്ണുകളിൽ നിന്ന് ഭയം വിട്ടുമാറിയിരുന്നില്ല.

ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആദ്യം പേരുകൾ ചോദിച്ചാണ് അക്രമികൾ എത്തിയത്. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ടവരാണെന്ന് മനസിലായതോടെ ചോദ്യം ചെയ്യലായി. പിന്നീട് 13 പേർ കൂടി ഇവർക്കൊപ്പം ചേർന്ന് മര്ദിക്കുകയായിരുന്നുവെന്ന് സച്ചിൻ പറയുന്നു. മദ്യപിച്ചാണ് അക്രമികൾ എത്തിയത്. സച്ചിന്റെ കഴുത്ത് ഞെരിക്കുകയും ഇരുവരുടെയും കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി വൈകുന്നേരം വരെ പൈപ്പുകളും വടിയും ഉപയോഗിച്ച് മർദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിനിടെ മുസ്‌കാനും ആക്രമിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇവരുടെ കയ്യിലുണ്ടായിരുന്ന 7000 രൂപയും അക്രമികൾ തട്ടിയെടുത്തു. സംഭവത്തിൽ ഒൻപത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Similar Posts