വിവാഹഘോഷയാത്രക്കിടെ കുതിരപ്പുറത്തു കയറിയ ദലിത് യുവാവിന് അന്യജാതിക്കാരുടെ മര്‍ദനം
|ദലിത് ഘോഷയാത്ര അന്യജാതിക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലൂടെ കടന്നുപോയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്
ഭോപ്പാല്‍: വിവാഹദിവസം കുതിരപ്പുറത്ത് യാത്ര ചെയ്ത ദലിത് യുവാവിന് അന്യജാതിക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു. നരേഷ് ജാദവ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ദലിത് ഘോഷയാത്ര അന്യജാതിക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലൂടെ കടന്നുപോയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
രോഷാകുലരായ അക്രമികള്‍ ഘോഷയാത്രയിലേക്ക് അതിക്രമിച്ച് കയറി വെടിവയ്ക്കുകയും വരനെ ആക്രമിക്കുകയും ചെയ്തു. കൂടാതെ കുതിരവണ്ടിയുടെ മേലാപ്പ് തകര്‍ത്ത് വണ്ടി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. പ്രതികള്‍ വരന്‍റെ സ്വര്‍ണമാല കൈക്കലാക്കുകയും അതിഥികളെ ഉപദ്രവിക്കുകയും ചെയ്തു. ഗ്വാളിയോറിലെ റിത്തോദാനയിൽ നിന്നാണ് ഘോഷയാത്ര കാർഹിയയിലേക്ക് എത്തിയതെന്നാണ് വിവരം. വരന്‍റെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച കർഹിയ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. ഇതിനെതിരെ എതിർകക്ഷിയും പരാതി നൽകിയിട്ടുണ്ട്. വിവാഹത്തിനെത്തിയവർ നൃത്തം ചെയ്യുന്നതിനിടെ നോട്ടുകൾ കൊള്ളയടിച്ചുവെന്നാണ് ആരോപണം.
വരനെ രക്ഷിക്കാനെത്തിയവരെയും അക്രമികള്‍ മര്‍ദിച്ചു. ഡിജെ താരങ്ങൾക്കും മർദനമേറ്റു. പ്രതികൾ ഡിസ്കോ ലൈറ്റുകളും ശബ്ദ സംവിധാനവും തകർത്തു.സഞ്ജയ്, ദൽബീർ, സന്ദീപ്, അനിൽ റാവത്ത് എന്നിവർ ഘോഷയാത്രയിൽ ഭീതി പരത്താൻ തോക്കുകളും കത്തികളും ഉപയോഗിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരെയും സമാധാനിപ്പിച്ച ശേഷം ഘോഷയാത്ര മുന്നോട്ടുപോവുകയായിരുന്നു.