പൊലീസ് വാഹനം ഓവർടേക്ക് ചെയ്തു; ദലിത് യുവാവിനെ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി
|ശുചീകരണതൊഴിലാളിയായ രോഹിത്തിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നെന്നാണ് പരാതി
ഛത്തർപൂർ(മധ്യപ്രദേശ്): പൊലീസ് വാഹനം ഓവർടേക്ക് ചെയ്തതിന് ദലിത് യുവാവിനെ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി. മധ്യപ്രദേശിലെ ഖജുരാഹോയിലാണ് സംഭവം നടന്നത്. ശുചീകരണതൊഴിലാളിയായ രോഹിത് വാൽമീകിയാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജൂലൈ 18 ന് തന്റെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോഴാണ് പൊലീസിന്റെയും ഇലക്ട്രിസിറ്റി വകുപ്പിന്റെ ഔദ്യോഗികവാഹനങ്ങളെ താൻ മറികടന്നത്.
എന്നാൽ ചില പൊലീസുകാർ തന്നെ അധിക്ഷേപിക്കുകയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും ചെയ്തതായാണ് പരാതി. ജൂലൈ 20 നാണ് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത്. പരാതി ലഭിച്ചതായും അന്വേഷണം നടത്തിവരികയുമാണെന്ന് പൊലീസ് സൂപ്രണ്ട് അഗം ജെയിൻ പറഞ്ഞു. 'ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഞങ്ങൾ കർശന നടപടി സ്വീകരിക്കും,' അഗം ജെയിൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.