ദലിത് എംബിബിഎസ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; പ്രിൻസിപ്പലിനെതിരെ കേസ്
|ശൈലേന്ദ്ര കുമാറിനെ പരീക്ഷയിൽ തോൽപ്പിക്കുമെന്നും സസ്പെൻഡ് ചെയ്യുമെന്നും കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുടുംബം
ആഗ്ര: ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ 21കാരൻ ശനിയാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ.21കാരനായ ശൈലേന്ദ്ര കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദലിതനായതിനാൽ കോളേജ് അധികൃതർ നിരന്തരം മകനെ വേട്ടയാടുകയായിരുന്നെന്ന് ചൂഷണം ചെയ്യുകയാണെന്ന് ശൈലേന്ദ്ര കുമാറിന്റെ കുടുംബം ആരോപിച്ചു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സംഗീത അനീജ, പരീക്ഷാ കൺട്രോളർ ഗൗരവ് സിംഗ്, ഹോസ്റ്റൽ വാർഡൻമാരായ മുനീഷ് ഖന്ന, നൗഷർ ഹുസൈൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയുഷ് ജെയിൻ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 306,എസ്.സി/എസ്ടി 3(2)(വി) എന്നിവ പ്രകാരം കേസെടുത്തു. മരണത്തിൽ പ്രതിഷേധം വ്യാപകമായതിനാൽ കനത്ത സുരക്ഷയ്ക്കിടയിലാണ് ശൈലേന്ദ്ര കുമാറി അന്ത്യകർമങ്ങൾ നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
അടുത്തിടെ ആരംഭിച്ച കോളേജ് സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനത്തിലാണ് ശൈലേന്ദ്ര കുമാർ പഠിച്ചിരുന്നത്. കോളേജിലെ അപാകതകൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനുമെതിരെ എതിരെ മകൻ ശബ്ദമുയർത്തിയിരുന്നെന്ന് പിതാവ് ഉദയ് സിംഗ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതിന്റെ പ്രതികാരമായി ശൈലേന്ദ്ര കുമാറിനെ പരീക്ഷയിൽ തോൽപ്പിക്കുമെന്നും സസ്പെൻഡ് ചെയ്യുമെന്നും കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെ നടന്ന ഫിസിയോളജി പരീക്ഷ എഴുതാൻ അനുവദിക്കുകയും ചെയ്തില്ല. മണിക്കൂറുകൾക്ക് ശേഷം അവനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.' പിതാവ് പറഞ്ഞു.