ദലിത് സ്ത്രീകളെ ദിവസങ്ങളോളം പൂട്ടിയിട്ടു മര്‍ദിച്ചു, ഗര്‍ഭിണിയായ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു; ബി.ജെ.പി നേതാവിനെതിരെ പരാതി
|ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്
ബംഗളൂരു: കര്‍ണാടകയിലെ കാപ്പിത്തോട്ടത്തില്‍ ദലിതരായ തൊഴിലാളി സ്ത്രീകളെ ദിവസങ്ങളോളം പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ കാപ്പിത്തോട്ട ഉടമയും ബി.ജെ.പി നേതാവുമായ ജഗദീഷ ഗൗഡക്കും മകന്‍ തിലകിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ചിക്കമംഗളൂരു ജില്ലയിലുള്ള കോഫി പ്ലാന്‍റേഷനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തോട്ട ഉടമ ജഗദീഷ് ഗൗഡ തൊഴിലാളികളില്‍ ഒരാളെ മര്‍ദിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ജോലി ബഹിഷ്‌കരിക്കുകയായിരുന്നു. തുടര്‍ന്ന് കടം നല്‍കിയ പണം തിരികെ നല്‍കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളികള്‍ പണം തിരികെ നല്‍കാതെ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ഗൗഡ അവരെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു മാസം ഗര്‍ഭിണിയായ അര്‍പിത(20) എന്ന യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്തു. ഫോൺ നൽകാൻ വിസമ്മതിച്ച അർപിതയെ ഗൗഡ മർദിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് വിജയ്, മറ്റ് രണ്ട് തൊഴിലാളികളായ രൂപ, കവിത എന്നിവരും തങ്ങള്‍ക്ക് മര്‍ദനമേറ്റതായി പറഞ്ഞു. "എന്നെ ഒരു ദിവസം മുഴുവന്‍ വീട്ടുതടങ്കലിലാക്കി. എന്നെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. അവര്‍ എന്‍റെ ഫോൺ പിടിച്ചെടുത്തു'' അര്‍പിത പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി ആറ് ദലിത് കുടുംബങ്ങൾ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ കോളനിയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് ഗൗഡ തൊഴിലാളികളിലൊരാളെ മര്‍ദിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഇവര്‍ അവിടം വിടാന്‍ തീരുമാനിച്ചിരുന്നതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ബന്ധുക്കളെ ഗൗഡ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒക്‌ടോബർ എട്ടിന് ഏതാനും പേർ ബലെഹോന്നൂർ പൊലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൻഡി ടിവിയോട് പറഞ്ഞു. എന്നാല്‍ അന്നു തന്നെ പരാതി പിന്‍വലിച്ചു. തൊട്ടടുത്ത ദിവസം അര്‍പിതയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചിക്കമംഗളൂരു പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു.
"16 അംഗങ്ങൾ ഉൾപ്പെടുന്ന നാല് കുടുംബങ്ങളുണ്ട് - എല്ലാവരും പട്ടികജാതിക്കാരാണ്. 16 പേരെ 15 ദിവസത്തേക്കാണ് പൂട്ടിയിട്ടതെന്നാണ് പരാതി'' പൊലീസ് പറഞ്ഞു. അതേസമയം, ജഗദീഷ് ഗൗഡ ബി.ജെ.പി നേതാവല്ലെന്നും വെറും അനുഭാവി മാത്രമാണെന്നും പാർട്ടി നേതാവ് വരസിദ്ധി വേണുഗോപാൽ പറഞ്ഞു.