India
ചെയ്ത ജോലിക്ക് കൂലി ചോദിച്ചതിന് ബിഹാറിൽ ദലിത് യുവാവിനെ അടിച്ചുകൊന്നു
India

ചെയ്ത ജോലിക്ക് കൂലി ചോദിച്ചതിന് ബിഹാറിൽ ദലിത് യുവാവിനെ അടിച്ചുകൊന്നു

Web Desk
|
24 Aug 2021 12:12 PM GMT

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയിലാണ് കൂലി ചോദിച്ചതിന് ദലിത് യുവാവിനെ കൊലപ്പെടുത്തി തോട്ടിലൊഴുക്കിയത്

ചെയ്ത ജോലിക്ക് വാഗ്ദാനം ചെയ്ത കൂലി ചോദിച്ചതിന് ബിഹാറിൽ ദലിത് യുവാവിനെ അടിച്ചുകൊന്നു. നളന്ദയിലെ ബഹാദൂർപൂരിലാണ് സംഭവം. ദിവസക്കൂലിയായി നിശ്ചയിച്ചിരുന്ന 10 കി.ഗ്രാം അരി ചോദിച്ചതിനാണ് യുവാവിനെ ക്രൂരമായി മർദിച്ചു കൊന്ന ശേഷം കല്ലിൽകെട്ടി തോട്ടിൽ ഒഴുക്കിവിട്ടത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. പാട്‌ന ജില്ലയിലെ കുന്ദാലി സ്വദേശിയായ 25കാരൻ ഉപേന്ദ്ര രവിദാസിനെ ഞായറാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിറകെയാണ് ബഹാദൂർപൂരിനടുത്തുള്ള ഒരു തോട്ടിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.

രണ്ട് ആഴ്ചയ്ക്കുമുൻപ് ബഹാദൂർപൂരിലുള്ള ദിനേശ് മാത്തോയുടെ കൃഷിഭൂമിയിലായിരുന്നു ഉപേന്ദ്ര രവിദാസും അളിയൻ സിക്കന്ദർ രവിദാസും ജോലി ചെയ്തിരുന്നത്. ഇതിന് ദിവസക്കൂലിയായി പത്തു കിലോ അരിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ജോലി കഴിഞ്ഞ് കൂലി ചോദിച്ചപ്പോൾ പിന്നീട് വരാന്‍ പറയുകയായിരുന്നു.

ഞായറാഴ്ച ഇരുവരും കൂലി ചോദിച്ച് ദിനേശിനെ സമീപിച്ചു. ഇതോടെ ഇയാളും സംഘവും ചേർന്ന് ഇരുവരെയും അധിക്ഷേപിക്കാനും ആയുധങ്ങളുമായി ആക്രമിക്കാനും തുടങ്ങി. ഇതിനിടെ സിക്കന്ദർ രക്ഷപ്പെട്ടെങ്കിലും ഉപേന്ദ്രയെ സംഘം തടഞ്ഞുവച്ച് ആക്രണം തുടർന്നു. ഒടുവിൽ മരണം ഉറപ്പുവരുത്തിയ ശേഷം കല്ലിൽകെട്ടി സമീപത്തെ തോട്ടിൽ മൃതദേഹം ഒഴുക്കിവിടുകയായിരുന്നു.

വീട്ടിലെത്തിയ സിക്കന്ദർ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ദിനേശിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Similar Posts