'വിദ്വേഷ പരാമർശങ്ങൾ ഇപ്പോൾ പാർലമെന്റിന് അകത്തെത്തി'; ബി.ജെ.പി എം.പിയുടെ പരാമർശം വേദനിപ്പിച്ചെന്ന് ഡാനിഷ് അലി
|ബി.ജെ.പി എം.പിയായ രമേശ് ബിദൂഡിയാണ് ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്.
ന്യൂഡൽഹി: ബി.ജെ.പി എം.പിയുടെ വിദ്വേഷ പരാമർശങ്ങൾ വേദനിപ്പിച്ചെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി. ഇത് ഒരാൾക്ക് നേരെയുള്ള അക്രമമല്ല, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും എതിരെയാണ്. നേരത്തെ വിദ്വേഷ പരാമർശങ്ങൾ പാർലമെന്റിന് പുറത്താണ് നടത്തിയിരുന്നത്. ഇപ്പോൾ വിദ്വേഷ പരാമർശങ്ങൾ പാർലമെന്റിന് ഉള്ളിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന് പുറത്ത് വിദ്വേഷ പരാമർശം നടത്തിയവർക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പാർലമെന്റിൽ വിദ്വേഷ പരാമർശം നടത്തിയ വ്യക്തിക്ക് സ്ഥാനക്കയറ്റം നൽകണോ എന്നത് പ്രധാനമന്ത്രി തീരുമാനിക്കട്ടെ എന്നും ഡാനിഷ് അലി പറഞ്ഞു. നിയമാനുസൃതമായി നടപടിയെടുക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവിനെതിരെ നടപടിയെടുത്തത് പെട്ടെന്നായിരുന്നു. പിന്നെ ഇപ്പോൾ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പി എം.പിയായ രമേശ് ബിദൂഡിയാണ് ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. ചാന്ദ്രയാൻ-3 ചർച്ചക്കിടെയായിരുന്നു ബിദൂഡി പിമ്പ്, തീവ്രവാദി, ഉഗ്രവാദി, മുല്ല തുടങ്ങി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ബിദൂഡിയുടെ പരാമർശങ്ങൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മുൻ കേന്ദ്രമന്ത്രിമാരായ ഹർഷവർധനന്റെയും രവിശങ്കർ പ്രസാദിന്റെയും വീഡിയോ വൈറലായിരുന്നു.