'2020ന്റെ മാധ്യമപ്രവർത്തകൻ': ഡാനിഷ് സിദ്ദീഖിക്ക് മരണാനന്തര ബഹുമതി
|ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ഫോട്ടോജേണലിസ്റ്റുകളിൽ ഒരാളാണ് ഡാനിഷ് സിദ്ദീഖിയെന്ന് പുരസ്കാരം വിതരണം ചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു
അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖിക്ക് 'റെഡ്ഇങ്ക്' മാധ്യമപുരസ്കാരം. മുംബൈ പ്രസ്ക്ലബ് നൽകിവരുന്ന 'ജേണലിസ്റ്റ് ഓഫ് ദ ഇയർ' പുരസ്കാരമാണ് ഡാനിഷിന് മരണാനന്തര ബഹുമതിയായി നൽകിയത്. 2020ലെ മികച്ച മാധ്യമപ്രവർത്തകനായാണ് ഡാനിഷിനെ തിരഞ്ഞെടുത്തത്.
ബുധനാഴ്ച നടന്ന 'റെഡ്ഇങ്ക് അവാർഡ് ഫോർ എക്സലൻസ് ഇൻ ജേണലിസം' വാർഷിക പുരസ്കാരദാന ചടങ്ങിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണയാണ് അവാർഡ് വിതരണം ചെയ്തത്. ദാനിഷിന്റെ ഭാര്യ ഫ്രെഡറിക് സിദ്ദീഖിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
മാന്ത്രിക കണ്ണുകളുള്ള മനുഷ്യനായിരുന്നു ഡാനിഷ് സിദ്ദീഖിയെന്ന് ചടങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ നൂറ്റാണ്ടിന്റെ തന്നെ മുൻനിര ഫോട്ടോജേണലിസ്റ്റുകളിൽ ഒരാളായാണ് അദ്ദേഹത്തെ ഗണിക്കപ്പെടുന്നത്. ഒരു ചിത്രത്തിന് ആയിരം വാക്കുകൾ സംസാരിക്കാനാകുമെങ്കിൽ ഡാനിഷിന്റെ ചിത്രങ്ങൾ നോവലുകളാണെന്നും എൻവി രമണ കൂട്ടിച്ചേർത്തു.
മുതിർന്ന മാധ്യമപ്രവർത്തകൻ പ്രേംശങ്കർ ഝായ്ക്കാണ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്. ഡാനിഷിനും ഝായ്ക്കും പുറമെ 12 വിഭാഗങ്ങളിലായി വേറെയും മാധ്യമപ്രവർത്തകർക്ക് പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. അന്വേഷണാത്മക മാധ്യമപ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ടുമുൻപാണ് മുംബൈ പ്രസ്ക്ലബ് റെഡ്ഇങ്ക് അവാർഡിന് തുടക്കം കുറിച്ചത്.
Summary: Photojournalist Danish Siddiqui, who died during an assignment in Afghanistan, has been posthumously awarded as the 'Journalist of the Year' for 2020 in 'RedInk Awards for Excellence in Journalism' by the Mumbai Press Club