'കൊല്ലപ്പെട്ട രേണുകസ്വാമി സ്വപ്നത്തിൽ വേട്ടയാടുന്നു'; പേടിച്ചിട്ട് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് നടന്‍ ദര്‍ശന്‍
|പേടിച്ചിട്ട് ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും ദര്‍ശന്‍ പരാതിപ്പെട്ടു
ബെംഗളൂരു: സഹപ്രവര്‍ത്തകക്ക് അശ്ലീല സന്ദേശമയച്ചതിന്‍റെ പേരില്‍ കൊലപ്പെടുത്തിയ ആരാധകന്‍ രേണുകസ്വാമി തന്നെ സ്വപ്നത്തില്‍ വേട്ടയാടുന്നതായി കേസിലെ പ്രതിയും കന്നഡ സൂപ്പര്‍താരവുമായ ദര്‍ശന്‍ തൊഗുദീപ. പേടിച്ചിട്ട് ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും ദര്‍ശന്‍ പരാതിപ്പെട്ടു. ബെല്ലാരി ജയിലില്‍ രേണുകസ്വാമിയുടെ ആത്മാവുണ്ടെന്നാണ് ദര്‍ശന്‍ പറയുന്നതെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം തൻ്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയ സാഹചര്യത്തിൽ തന്നെ ബെംഗളൂരു ജയിലിലേക്ക് മാറ്റണമെന്ന് നടന്‍ അഭിഭാഷകൻ മുഖേന അധികാരികളോട് അഭ്യർഥിക്കും.
സെല്ലിൽ തനിച്ചായതിനാൽ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നാണ് ദര്‍ശന്‍ പറയുന്നത്. ജയില്‍ അധികൃതരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പുലർച്ചെ ഉറക്കത്തില്‍ ദർശൻ നിലവിളിക്കുന്നതും പേടിച്ചലറുന്നതും കേട്ടതായി വൃത്തങ്ങള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മി ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും പ്രാര്‍ഥനകളും നടത്തി. നേരത്തെ കൂട്ടാളികള്‍ക്കൊപ്പം ബെംഗളൂരു സെന്‍ട്രല്‍ ജയിലിലായിരുന്ന ദര്‍ശന് ആഡംബര സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ബെല്ലാരി ജയിലിലേക്ക് മാറ്റുകയായിരുന്നു. സൗകര്യങ്ങൾ വേണമെന്ന നടന്‍റെ ആവശ്യങ്ങള്‍ അധികൃതർ നിരാകരിക്കുകയും കോടതിയുടെ നിർദേശങ്ങൾ പാലിച്ച് മാത്രമേ സൗകര്യങ്ങൾ അനുവദിക്കുകയുള്ളുവെന്നും അറിയിച്ചിരുന്നു.
ദര്‍ശന്‍റെ മകനും ഭാര്യയും ഈയിടെ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം, താരത്തിൻ്റെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. 57-ാം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി (സിസിഎച്ച്)യാണ് കേസ് പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ സുനില്‍ ദര്‍ശനു വേണ്ടി ഹാജരാകും. കടുത്ത നടുവേദനയുണ്ടെന്ന് ദർശൻ പരാതിപ്പെടുന്നുണ്ടെന്നും ഒരു ഓർത്തോപീഡിക് സർജൻ ബല്ലാരി ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നുവെന്നും സ്കാൻ ചെയ്യണമെന്നും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നും വൃത്തങ്ങൾ വിശദീകരിച്ചു. കൃത്യമായ ചികിത്സ ലഭിക്കുന്നതിനായി തന്നെ ബെംഗളൂരു ജയിലിലേക്ക് മാറ്റണമെന്നാണ് ദര്‍ശന്‍റെ ആവശ്യം. ജുഡീഷ്യൽ കസ്റ്റഡി നീട്ടിയ സാഹചര്യത്തിൽ ദർശനെ ബെംഗളൂരു ജയിലിലേക്ക് മാറ്റണമെന്ന് കോടതിയിൽ വാദിക്കാൻ സാധ്യതയുണ്ട്.ദർശന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ത്തിട്ടുണ്ട്.
ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളിന് പിന്നില്‍ കൂട്ടുപ്രതികള്‍ക്കൊപ്പം വിശ്രമിക്കുന്ന ദര്‍ശന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. സംഭവം വിവാദമായതോടെ ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ബെല്ലാരി ജയിലിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കി. ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ബെല്ലാരി ജയിലിലേക്ക് പ്രവേശിക്കുന്ന ദര്‍ശന്‍റെ ചിത്രങ്ങള്‍ തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ചിത്രദുർഗയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദ്ദേശപ്രകാരം ജൂൺ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.