"ഞാനിതെങ്ങനെ എന്‍റെ അനിയനോട് പറയും?"; കശ്മീരിലെ സിവിലിയന്‍റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് മകള്‍
|ശ്രീനഗറിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താൻ തീവ്രവാദി ഉൾപ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്
കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവെപ്പില്‍ സിവിലിയന്‍ കൊല്ലപ്പെട്ടതില്‍ വികാരഭരിതമായ പ്രതികരണവുമായി മകള്‍. "ഞാനിതെങ്ങനെ എന്‍റെ അനിയനോട് പറയും? അവന്‍ എന്നേക്കാളും ഇളയതാണ്. അവന് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല. അവന്‍ എന്നെ പോലെ തന്നെ അവന്‍റെ പിതാവുമായി വളരെ അടുപ്പത്തിലായിരുന്നു'; പൊട്ടിക്കരഞ്ഞ് അല്‍ത്താഫ് ഭട്ടിന്‍റെ മകള്‍ പ്രതികരിച്ചു.
"നിങ്ങളെന്താണ് ഈ ചെയ്തത് എന്ന് ഞാന്‍ അവരോട്(പൊലീസിനോട്) വിറച്ചുകൊണ്ട് തന്നെ ചോദിച്ചു. പക്ഷേ അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അവര്‍ ഒരു നാണവുമില്ലാതെയാണ് പൊട്ടിച്ചിരിച്ചത്"-അല്‍ത്താഫ് ഭട്ടിന്‍റെ മകള്‍ പറഞ്ഞു.
ശ്രീനഗറിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താൻ തീവ്രവാദി ഉൾപ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇതിൽ രണ്ടു പേർ വ്യവസായികളാണ്. അൽതാഫ് ഭട്ട്, ഡോ. മുദസ്സിർ ഗുൽ എന്നിവരാണ് കൊല്ലപ്പെട്ട വ്യവസായികൾ. ഇരുവരും വെടിവെപ്പ് നടന്ന സ്ഥലത്തെ വ്യവസായ സ്ഥാപനത്തില്‍ കട നടത്തി വരികയായിരുന്നു.
കൊല്ലപ്പെട്ട അല്‍ത്താഫ് ഭട്ടിനെ പൊലീസ് മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന് ബന്ധു സൈമ ട്വിറ്ററില്‍ പ്രതികരിച്ചു.