നീറ്റ് പരാജയം: 19കാരൻ ജീവനൊടുക്കി, മണിക്കൂറുകൾക്കുള്ളിൽ പിതാവും
|നീറ്റ് പരീക്ഷ ഒഴിവാക്കുന്നതിനായി സംസ്ഥാന സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിഷമത്തിൽ ജീവനൊടുക്കിയ 19കാരന്റെ പിതാവും മരിച്ചനിലയിൽ. ചെന്നൈയിൽ ക്രോംപേട്ടയ്ക്ക് സമീപം കുറിഞ്ഞിയിലാണ് സംഭവം. നീറ്റ് പരീക്ഷയിൽ രണ്ടാം വട്ടവും പരാജയപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ചയാണ് എസ്.ജഗദീശ്വരന്‍ എന്ന വിദ്യാര്‍ഥി ജീവനൊടുക്കിയത്. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പിതാവും മരിച്ചത്. ഫോട്ടോഗ്രാഫറാണ് മരിച്ച പി. ശെല്‍വശേഖർ.
അതേസമയം, നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. ജഗദീശ്വരന്റെയും പിതാവ് സെൽവശേഖറിന്റെയും വിയോഗത്തിൽ സ്റ്റാലിൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള അവസാന മരണമാകട്ടെ ഇതെന്നും അദ്ദേഹം പറഞ്ഞു.
'ഒരു കാരണവശാലും സ്വന്തം ജീവനെടുക്കാൻ ഒരു വിദ്യാർഥിയും ഒരിക്കലും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നീറ്റ് റദ്ദാക്കും. ഇതിനുവേണ്ടി സംസ്ഥാന സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ' സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. നീറ്റ് പരീക്ഷ ഒഴിവാക്കാനായി 2021ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍.എന്‍.രവി ഒപ്പിടാന്‍ തയാറായിട്ടില്ല. നീറ്റ് വിരുദ്ധ ബില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്ന് ശനിയാഴ്ചയും ഗവർണർ വ്യക്തമാക്കിയിരുന്നു.