വരുണ്‍ ബി.ജെ.പി വിടുമോ? മനേക ഗാന്ധിയുടെ പ്രതികരണം
|ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ 10 ദിവസത്തെ പ്രചരണത്തിനെത്തിയതായിരുന്നു മനേക
ലഖ്നൗ: പിലിഭിത്തിലെ സിറ്റിങ് എം.പിയും മകനുമായ വരുണ്‍ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതിനു പിന്നാലെ വിഷയത്തില്‍ മൗനം വെടിഞ്ഞ് ബി.ജെ.പി നേതാവ് മനേക ഗാന്ധി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ 10 ദിവസത്തെ പ്രചരണത്തിനെത്തിയതായിരുന്നു മനേക. വരുണ്‍ഗാന്ധി ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നായിരുന്നു അവരുടെ പ്രതികരണം,
''ബി.ജെ.പിയിലായിരിക്കുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.മത്സരിക്കാന്‍ സീറ്റ് നല്‍കിയതില്‍ അമിത് ഷായോടും പ്രധാനമന്ത്രിയോടും നദ്ദയോടും ഞാന്‍ നന്ദി പറയുന്നു. വളരെ വൈകിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. അതിനാല്‍ മണ്ഡലം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിലിഭിത്ത് അല്ലെങ്കില്‍ സുല്‍ത്താന്‍പൂര്‍, പാര്‍ട്ടിയൂടെ തീരുമാനത്തിനോട് ഏറെ നന്ദിയുണ്ട്'. മനേക ഗാന്ധി പറഞ്ഞു.“ഞാൻ സുൽത്താൻപൂരിൽ തിരിച്ചെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, കാരണം സുൽത്താൻപൂരിൽ ഒരു എം.പിയും വീണ്ടും അധികാരത്തിൽ വരാത്ത ചരിത്രമാണ് ഈ സ്ഥലത്തിനുള്ളത്,” അവർ കൂട്ടിച്ചേർത്തു.സ്ഥാനാര്‍തിഥ്വം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് മനേക സുല്‍ത്താന്‍പൂര്‍ സന്ദര്‍ശിക്കുന്നത്. ജില്ലയിലെ 10 ദിവസത്തെ സന്ദർശനത്തിൽ മുഴുവൻ ലോക്‌സഭാ മണ്ഡലത്തിലെയും 101 ഗ്രാമങ്ങൾ അവർ സന്ദർശിക്കും.
ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. 'വരുൺഗാന്ധി കോൺഗ്രസിൽ ചേരണം. വരുൺ വരുന്നത് സന്തോഷമുള്ള കാര്യമാണ്. വരുൺ നല്ല വിദ്യാഭ്യാസവും പ്രതിച്ഛായയുമുള്ള രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. ബി.ജെ.പി അദ്ദേഹത്തിന് ടിക്കറ്റ് നൽകാത്തതിന് കാരണം ഇതാണ്' എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.
ഒരുകാലത്ത് ബി.ജെ.പിയുടെ യുവനേതാക്കളില്‍ പ്രധാനിയായിരുന്നു വരുണ്‍. കേന്ദ്രത്തിനെതിരെയും യുപി സര്‍ക്കാരിനെതിരെയും നിരന്തരം വിമര്‍ശനമുയര്‍ത്തിയതോടെയാണ് വരുണ്‍ ബി.ജെ.പിയുടെ കണ്ണിലെ കരടാകുന്നത്. ലംഖിപൂരിലെ കര്‍ഷക കൂട്ടക്കൊലയെ വരുണ്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും വരുണിനെയും മനേകയെയും ഒഴിവാക്കിയിരുന്നു.പിലിഭിത്തിൽ നിന്നും 2009-ലാണ് വരുൺ ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2014-ൽ വീണ്ടും മേനക ഗാന്ധി മത്സരിച്ചു ജയിച്ചെങ്കിലും 2019-ൽ ബി.ജെ.പി. വരുണിനെ മത്സരിപ്പിച്ചു. 2.55 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വരുൺ ലോക്‌സഭയിൽ എത്തിയത്.