മണിപ്പൂരിലെ ജിരി പുഴയിൽ ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
|കുക്കി വിഭാഗം തട്ടിക്കൊണ്ടുപോയ മെയ്തെയ് കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചതെന്നാണ് സംശയം.
ഇംഫാൽ: മണിപ്പൂരിലെ ജിരി പുഴയിൽ നിന്ന് ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം കുക്കി വിഭാഗം തട്ടിക്കൊണ്ടുപോയ മെയ്തെയ് കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചതെന്നാണ് സംശയം. അസം റൈഫിൾസ് ജവാന്മാരാണ് ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ അസം സിൽച്ചാറിലെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കുക്കികൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കുന്നവരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മെയ്തെയ് വിഭാഗക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം അയച്ചിരുന്നു. ഹീനമായ പ്രവൃത്തി മണിപ്പൂരിലെ ജനങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അസ്ഥിരമായ സുരക്ഷാ സാഹചര്യമാണുള്ളത്. വിഷയത്തിൽ പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.
നവംബർ ഏഴിന് 31കാരിയായ അധ്യാപികയെ മെയ്തെയ് ആയുധധാരികളെന്ന സംശയിക്കുന്നവർ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ജീവനോടെ കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം. 2023 മെയ് മുതൽ മണിപ്പൂർ അശാന്തമാണ്. കലാപത്തിൽ ഇതുവരെ 240 പേരാണ് കൊല്ലപ്പെട്ടത്. 60,000 പേർ കുടിയിറക്കപ്പെടുകയും ചെയ്തു. സൈന്യം ഉൾപ്പെടെ സുരക്ഷാ സേനകളുടെ സാന്നിധ്യം ഉണ്ടായിട്ടും അക്രമങ്ങൾ തുടരുകയാണ്.