India
Dead Frog Found In Packet Of Chips In Gujarat, Probe Ordered
India

​ഗുജറാത്തിൽ പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ ചത്ത തവള; അന്വേഷണം

Web Desk
|
19 Jun 2024 2:35 PM GMT

​ബാലാജി വേഫേഴ്സ് എന്ന കമ്പനിയുടെ പൊട്ടറ്റോ ചിപ്സായ ക്രഞ്ചെക്സിന്റെ പാക്കറ്റിലാണ് ചത്ത തവളയെ കണ്ടത്.

അഹമ്മദാബാദ്: ഐസ്ക്രീമിൽ മനുഷ്യന്റെ വിരലും ചോക്ലേറ്റ് സിറപ്പിൽ എലിക്കുഞ്ഞും കണ്ടെത്തിയ സംഭവങ്ങളുടെ ഞെട്ടൽ മാറുംമുമ്പേ വീണ്ടും സമാനസംഭവം. ​ഗുജറാത്തിൽ ജാംന​ഗറിൽ പൊട്ടറ്റോ ചിപ്സിന്റെ പാക്കറ്റിൽ നിന്നും ചത്ത തവളയെ കണ്ടെത്തി. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കടയിലെത്തി സാംപിൾ ശേഖരിച്ച ജാംന​ഗർ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

പുഷ്കർ ധാം സൊസൈറ്റിയിലെ താമസക്കാരിയായ ജാസ്മിൻ പട്ടേലെന്ന യുവതിയാണ് പരാതിയുമായി രം​ഗത്തെത്തിയത്. ബാലാജി വേഫേഴ്സ് എന്ന കമ്പനിയുടെ പൊട്ടറ്റോ ചിപ്സായ ക്രഞ്ചെക്സിന്റെ പാക്കറ്റിലാണ് ചത്ത തവളയെ കണ്ടതെന്ന് യുവതി അധികൃതരെ അറിയിച്ചു. ഇതനുസരിച്ച് ഉ​ദ്യോ​ഗസ്ഥർ കടയിൽ പരിശോധന നടത്തി.

'ബാലാജി വേഫേഴ്‌സ് നിർമിച്ച ക്രഞ്ചെക്‌സിൻ്റെ പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തിയതായി ജാസ്മിൻ പട്ടേൽ എന്ന ഉപഭോക്താവാണ് ഞങ്ങളെ അറിയിച്ചത്. അത് വാങ്ങിയ കട ഇന്നലെ രാത്രി ഞങ്ങൾ സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ അത് ജീർണിച്ച അവസ്ഥയിലുള്ള തവളയാണെന്നാണ് മനസിലാവുന്നത്. മുനിസിപ്പൽ കമ്മീഷണറുടെ നിർദേശപ്രകാരം ഇതേ ബാച്ചിലുള്ള വേഫർ ഉൽപ്പന്നങ്ങളുടെ സാംപിൾ അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്'- ഭക്ഷ്യസുരക്ഷാ ഓഫീസർ ഡി.ബി പാർമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തന്റെ നാല് വയസുള്ള അനന്തരവൾ വീടിനടുത്തുള്ള കടയിൽ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം വാങ്ങിയ പൊട്ടറ്റോ ചിപ്സ് പാക്കറ്റിലാണ് ചത്ത തവളയെ കണ്ടതെന്ന് ജാസ്മിൻ പട്ടേൽ പറഞ്ഞു. അവൾ പാക്കറ്റിൽ തവളയെ കണ്ടെത്തുംമുമ്പ് താനും ഒമ്പത് മാസം പ്രായമുള്ള മകളും കുറച്ച് ചിപ്സ് കഴിച്ചതായും ജാസ്മിൻ പറഞ്ഞു.

'തവളയെ കണ്ടെന്നുപറഞ്ഞ് എൻ്റെ അനന്തരവൾ പാക്കറ്റ് വലിച്ചെറിഞ്ഞു... അവൾ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. പക്ഷെ ചത്ത തവളയെ കണ്ട് ഞാനും ഞെട്ടി. സംഭവത്തിൽ ബാലാജി വേഫേഴ്‌സിൻ്റെ വിതരണക്കാരനും കസ്റ്റമർ കെയർ സർവീസും തൃപ്തികരമായ മറുപടി നൽകാതിരുന്നതോടെ ഞാൻ രാവിലെ ഭക്ഷ്യസുരക്ഷാ ഓഫീസറെ അറിയിച്ചു'- അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുംബൈയിൽ ഓൺലൈനായി ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ വിരൽ കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് ഈ സംഭവം. കഴിഞ്ഞയാഴ്ച മുംബൈ മലാഡിലെ ഓർലം ബ്രാൻഡൺ എന്ന ഡോക്ടർ ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ നിന്നാണ് വിരൽ ലഭിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ വായിൽ എന്തോ തടഞ്ഞതിനെ തുടർന്ന് നോക്കിയപ്പോൾ വിരലിന്റെ കഷ്ണം കണ്ടെത്തുകയായിരുന്നു. തുടർന്ന് മലാഡ് പൊലീസിൽ ഇദ്ദേഹം പരാതി നൽകി.

യമ്മോ എന്ന കമ്പനിയുടേതായിരുന്നു ഐസ്‌ക്രീം. വിരൽ ഫാക്ടറി ജീവനക്കാരന്റേതാണെന്നാണ് സൂചനകളും പുറത്തുവന്നിട്ടുണ്ട്. സ്ഥിരീകരണത്തിനായി പൊലീസ് സാമ്പിളുകൾ ഡിഎൻഎ ടെസ്റ്റിനയച്ചു. കമ്പനിയുടെ പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന് അപകടത്തിൽ കൈവിരലിന് മുറിവേറ്റിരുന്നു. വിരൽ കണ്ടെത്തിയ ഐസ്‌ക്രീം പാക്ക് ചെയ്ത ദിവസമായിരുന്നു ഇത്. ഇതോടയാണ് വിരൽ ഫാക്ടറി ജീവനക്കാരന്റേതാകാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

ഇതിനു പിന്നാലെ ലോക പ്രശസ്ത ചോക്ലേറ്റ് കമ്പനിയായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിന്റെ കുപ്പിയിൽ ചത്ത എലിക്കുട്ടിയെയും കണ്ടെത്തിയിരുന്നു. പ്രമി ശ്രീധർ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ചത്. സെപ്‌റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലായിരുന്നു എലിയെ കണ്ടെത്തിയതെന്ന് യുവതി പറഞ്ഞു. തന്റെ കുടുംബത്തിലെ മൂന്നു പേർ സിറപ്പ് കഴിച്ചെന്നും ഒരാൾ വൈദ്യസഹായം തേടിയെന്നും യുവതി പറയുന്നു. എല്ലാവരും കണ്ണ് തുറന്ന് കാണണം എന്ന അഭ്യർഥനയോടെയാണ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്.




Similar Posts