India
Dead snake found in mid-day meal packet
India

മഹാരാഷ്ട്രയിൽ കുട്ടികൾക്ക് കൊടുത്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പ്; അന്വേഷണം

Web Desk
|
4 July 2024 10:22 AM GMT

ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണെന്ന് അധികൃതർ

സാംഗ്‌ലി(മഹാരാഷ്ട്ര): അങ്കണവാടിയിൽ വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മഹാരാഷ്ട്രയിലെ സാംഗ്‌ലി ജില്ലയിലാണ് സംഭവം. പലൂസ് സ്വദേശികളായ ദമ്പതികളാണ് തങ്ങളുടെ കുട്ടിക്ക് ലഭിച്ച ഭക്ഷണപ്പായ്ക്കറ്റിൽ പാമ്പിനെ കണ്ടെത്തിയതായി പരാതിപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട അങ്കണവാടി വർക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് ആനന്ദി ഭോസലെ അറിയിച്ചു.

ആറുമാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് അങ്കണവാടികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്. ഇതുപ്രകാരം പാലൂസിലെ അങ്കണവാടിയിലും ഭക്ഷണപ്പായ്ക്കറ്റ് വിതരണം ചെയ്തിരുന്നു. ഇവിടെ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. പായ്ക്കറ്റിൽ പാമ്പിനെ കണ്ടയുടൻ ദമ്പതികൾ ഫോട്ടോ എടുത്ത് അങ്കണവാടി ജീവനക്കാരിക്ക് അയച്ചു. തുടർന്നാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണ് എന്നത് കൊണ്ടു തന്നെ വീഴ്ച പറ്റിയത് ഇയാളുടെ ഭാഗത്ത് നിന്നാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. കരാറുകാരനെ കുറിച്ച് നേരത്തേ പരാതികൾ ലഭിച്ചിട്ടുള്ളതായി സാംഗ്‌ലി പരിഷത്ത് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സന്ദീപ് യാദവ് വ്യക്തമാക്കുന്നുമുണ്ട്.

ദമ്പതികളല്ലാതെ മറ്റാരും പാമ്പിനെ കണ്ടിട്ടില്ല എന്നതിനാൽ ദമ്പതികൾ അയച്ച ഫോട്ടോ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പായ്ക്കറ്റിലെ ഭക്ഷണത്തിന്റെ സാംപിളുകൾ ഫൂഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) ശേഖരിക്കുകയും ചെയ്തു.

വിഷയം നിയമസഭയിൽ ഉന്നയിച്ച പാലൂസ് എംഎൽഎ വിശ്വജീത് കദം ഗുരുതര വീഴ്ച എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. വീഴ്ച വരുത്തിയവർക്കെതിരെ ഗുരുതര നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts