കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ വിഹിതം വർധിപ്പിച്ചു; പെൻഷൻകാർക്കും ആശ്വാസം
|ഖജനാവിന് അധികബാധ്യതയാവുക 9544.50 കോടി രൂപ, 1.15 കോടി പേർക്ക് ഗുണം ലഭിക്കും
കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഭാഗമായ ഡിയർനസ് അലവൻസിൽ (ഡി.എ) വർധന. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ജീവനക്കാരുടെ ഡി.എയും പെൻഷൻ പറ്റിയവരുടെ ഡി.ആറും (ഡിയർനസ് റിലീഫ്) മൂന്ന് ശതമാനം വർധിപ്പിക്കാൻ തീരുമാനമായത്. ഇതോടെ, ജീവനക്കാരുടെ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 34 ശതമാനമായി ഉയർന്നു. 2022 ജനുവരി ഒന്ന് പ്രാബല്യത്തോടെയാണ് തീരുമാനം.
(The Union Cabinet on Wednesday approved 3 per cent hike in dearness allowance (DA) for central government employees and dearness relief (DR) to pensioners)
വിലക്കയറ്റത്തിന്റെ പ്രത്യാഘാതം ജീവനക്കാരെ ബാധിക്കുന്നത് ലഘൂകരിക്കുക എന്ന ലക്ഷ്യത്തിൽ ശമ്പളത്തിൽ ഉൾപ്പെടുത്തിയ ഒരു ഘടകമാണ് ഡി.എ. ഇതുപ്രകാരം വിലക്കയറ്റത്തിനൊപ്പം ജീവനക്കാർക്ക് ലഭിക്കുന്ന വേതനത്തിലും ക്രമാനുഗതമായ വർധനവുണ്ടാകും. വർഷത്തിൽ രണ്ടുതവണയാണ് (ജനുവരിയിലും ജൂലൈയിലും) സാധാരണ ഗതിയിൽ ഡി.എ പരിഷ്‌കരിക്കുക.
ഏഴാം ശമ്പള കമ്മീഷന്റെ ശിപാർശ പ്രകാരമുള്ള ഫോർമുല അനുസരിച്ചാണ് ഇത്തവണത്തെ ഡി.എ - ഡി.ആർ വർധനയെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 47.68 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68.62 ലക്ഷം പെൻഷനേഴ്‌സിനും ഈ വർധനവിന്റെ ഗുണഫലം ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഖജനാവിന് 9544.50 കോടി രൂപയുടെ അധികബാധ്യതയാണ് ഇതോടെ ഉണ്ടാവുക.
ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഡി.എ, ഡി.ആറിൽ വർധനവുണ്ടാകുന്നത്. കോവിഡ് മഹാമാരിയെ തുടർന്നുള്ള ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം 2021 ജൂലൈയിൽ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായും പിന്നീട് ഒക്ടോബറിൽ 28-ൽ നിന്ന് 31 ശതമാനമായും ഉയർത്തിയിരുന്നു. കോവിഡിനെ തുടർന്ന് 2020 ജനുവരി മുതൽ 2021 ജനുവരി വരെയുള്ള മൂന്ന് വർധന കേന്ദ്രസർക്കാർ നിർത്തിവെച്ചിരുന്നു.
അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെടുത്തിയായതിനാൽ ഡി.എയിലുണ്ടാകുന്ന വർധന പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റുവിറ്റി തുക എന്നിവയിലും വർധനയുണ്ടാക്കും. യാത്രാബത്തയും ക്രമാനുഗതമായി വർധിക്കും.