സുനന്ദ പുഷ്കറിന്‍റെ മരണം; തരൂരിനെതിരെയുള്ള കുറ്റം നിലനില്‍ക്കുമോയെന്ന് ഇന്നറിയാം
|ഡൽഹി റോസ് അവന്യു കോടതി സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറയുക
സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂർ എം.പിക്ക് മേൽ ചുമത്തിയ കുറ്റം നിലനിൽക്കുമോയെന്നതിൽ കോടതി ഇന്ന് വിധി പറയും. ഡൽഹി റോസ് അവന്യു കോടതി സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറയുക. മൂന്നാം തവണയാണ് കേസ് വിധി പറയാനായി മാറ്റിവെക്കുന്നത്.
ശശി തരൂരിന് മേലുള്ള ആത്മഹത്യ പ്രേരണ കുറ്റവും കൊലക്കുറ്റവും ചുമത്തിയ പ്രോസിക്യൂഷൻ നടപടിയാണ് കേസിന് ആധാരം. സുനന്ദ പുഷ്‌ക്കറിന്റെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണം ശശി തരൂരിന്റെ മാനസിക പീഡനമാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം.
സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന് പോലും ശാസ്ത്രീയമായി പ്രോസിക്യൂഷന് കണ്ടെത്താനായിട്ടില്ല. നരഹത്യ കുറ്റവും നിലനിൽക്കില്ല. സുനന്ദയുടേത് ആകസ്മിക മരണമാണ്. വിഷം കുത്തിവെച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. 2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.